ഈ ദശാബ്ദത്തോടെ ഇന്ത്യ ലോകത്തിലെ മൂന്നാമത് വലിയ സമ്പദ് വ്യവസ്ഥയാകും -ഉപരാഷ്ട്രപതി
December 24, 2023ചണ്ഡീഗഡ്: ഈ ദശാബ്ദത്തോടെ ഇന്ത്യ ജർമനിയെയും ജപ്പാനെയും മറികടന്ന് ലോകത്തെ വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകുമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകാർ. പഞ്ചാബ് സർവകലാശാലയിൽ ഗ്ലോബൽ അലുംനി മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് വൈദഗ്ധ്യം നേടിയവർ ഇന്ത്യയിലേക്ക് തന്നെ തിരിച്ചുവരുന്ന കാലം വരുമെന്നതിൽ തനിക്ക് യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് ഐ.ഐ.എമ്മുകളുണ്ട്, ഐ.ഐ.ടികളുണ്ട്, ശാസ്ത്ര സ്ഥാപനങ്ങളുണ്ട്, ഫോറെൻസിക്, പെട്രോളിയം മേഖലയിൽ സ്ഥാപനങ്ങളുണ്ട്. പ്രധാനപ്പെട്ട കോളജുകളുണ്ട്. ഈ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിപ്പോയവർ ഒരു പ്ലാറ്റ്ഫോമിൽ ഒന്നുചേരുകയാണെങ്കിൽ നിർണായകമായ പുതിയ നയങ്ങൾ രൂപീകരിക്കുന്നതിൽ സഹായകമാകും.
2013 വരെ ഇന്ത്യയെ ദുർബലമായ സമ്പദ് വ്യവസ്ഥയെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ, യു.കെയെയും ഫ്രാൻസിനെയും മറികടന്ന് ലോകത്തെ ഏറ്റവും ശക്തമായ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഇനി ജപ്പാനെയും ജർമനിയെയും മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തും -അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ 2022ലെ ഡിജിറ്റൽ വിനിമയ നിരക്ക് യു.കെ, ഫ്രാൻസ്, യു.എസ്.എ, ജർമനി തുടങ്ങിയ രാജ്യങ്ങളേക്കാൾ നാലിരട്ടിയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.