നാല് ലക്ഷം കോടി കടത്തിൽ; ആർ.ബി.ഐയിൽ നിന്നും 2000 കോടി രൂപയുടെ കൂടി വായ്പ തേടി മധ്യപ്രദേശ് സർക്കാർ
December 24, 2023ഭോപ്പാൽ: സത്യപ്രതിജ്ഞ ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോൾ ആർ.ബി.ഐയിൽ നിന്നും 2000 കോടി രൂപയുടെ വായ്പ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി വെളിവാക്കുന്നതാണ് പുതിയ സംഭവം. സംസ്ഥാനത്തിന്റെ ദൈനംദിന ചെലവുകൾക്കായാണ് വായ്പ തേടിയത്.
നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെങ്കിൽ കൂടുതൽ തുക കടമെടുക്കേണ്ടി വരുമെന്നാണ് സൂചന. ശിവരാജ് സിങ് ചൗഹാന്റെ ഭരണകാലത്ത് മധ്യപ്രദേശിന്റെ കടം നാല് ലക്ഷം കോടിയായി വർധിച്ചിരുന്നു.
2023ൽ മാത്രം 44,000 കോടിയാണ് ശിവരാജ് സിങ് ചൗഹാൻ കടമെടുത്ത്. സാമൂഹികക്ഷേമ പദ്ധതികൾ നടത്താനായിരുന്നു കടമെടുപ്പ് എന്നായിരുന്നു ചൗഹാന്റെ വിശദീകരണം. അതേസമയം, പ്രതിസന്ധിയില്ലെന്നും ഒരു സാമൂഹികക്ഷേമ പദ്ധതിയും മുടങ്ങില്ലെന്നുമാണ് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിക്കുന്നത്. ചില ആളുകൾ സാമൂഹികക്ഷേമ പദ്ധതികൾ നിർത്തുമെന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.