എയിംസിന്റെ പേരിൽ എല്ലാവരും എന്നെ തേച്ചു; എയിംസ് കേരളത്തിൽ വന്നാൽ ക്രെഡിറ്റ് എനിക്ക് മാത്രം -സുരേഷ് ഗോപി
തിരുവനന്തപുരം: കേരളത്തിൽ എയിംസ് വന്നില്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. എയിംസിന്റെ പേരിൽ എല്ലാവരും എന്നെ തേച്ചു. എയിംസ് കേരളത്തിൽ വന്നാൽ ക്രെഡിറ്റ് എനിക്ക് മാത്രമാണെന്നും സുരേഷ്ഗോപി വ്യക്തമാക്കി. കേരളത്തിൽ എയിംസ് വരാൻ ഇനിയും പരിശ്രമിക്കും. അതിന് സാധിച്ചില്ലെങ്കിൽ നിങ്ങളുടെ അടുത്ത് വോട്ട് ചോദിച്ച് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയിംസിനായി കേരളത്തിൽ എവിടെ വേണമെങ്കിലും സ്ഥലം അനുവദിക്കാം എന്ന് യു.ഡി.എഫ് മന്ത്രിസഭയിലെ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ സമീപനം സ്വാഗതം ചെയ്യുന്നതായി കേന്ദ്ര മന്ത്രി സുരേഷ്ഗോപി പറഞ്ഞു. 2016ൽ രാജ്യസഭയിൽ എത്തിയത് മുതൽ പിണറായി വിജയനോടും ആരോഗ്യമന്ത്രിമാരോടും എയിംസിനായുള്ള സ്ഥലം അനുവദിക്കാൻ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ ബജറ്റിൽ എയിംസിനായി കേന്ദ്രം നിർദേശിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച് സന്നദ്ധത അറിയിച്ച സംസ്ഥാനങ്ങൾക്കാണ് പുതുതായി അനുവദിച്ചിട്ടുള്ള പദ്ധതിയിൽ എയിംസ് അനുവദിച്ചിട്ടുള്ളത്. കേരള സർക്കാർ ആ മാർഗനിർദേശം അനുസരിച്ച് സംസ്ഥാനത്തിന്റെ അഞ്ച് ജില്ലകളിൽ എവിടെയെല്ലാം സ്ഥലം നൽകാൻ സാധിക്കുമെന്ന് അറിയിച്ചാൽ അടുത്ത ബജറ്റിൽ കേരളത്തിന് എയിംസ് അനുവദിക്കുമെന്നും അല്ലാത്ത പക്ഷം ഓരോ വർഷങ്ങളിലെയും ബജറ്റിനെ ആശ്രയിക്കേണ്ടി വരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ബി.ജെ.പി ഭരിച്ച സംസ്ഥാനങ്ങളിൽ മാത്രമാണോ എയിംസ് അനുവദിച്ചിട്ടുള്ളതെന്ന് ചോദിച്ചാൽ ആ സംസ്ഥാനങ്ങളാണ് കൃത്യമായ മാർഗനിർദേശത്തിൽ പാലിച്ച് ഭൂമി നൽകിയത്. കേരളത്തെ സംബന്ധിച്ച് ഒരു രീതിയിലും വികസനം എത്താത്ത ഇടുക്കി, ആലപ്പുഴ ജില്ലകളെയാണ് എയിംസിനായി പരിഗണിക്കുന്നത്. എന്നാൽ തൃശ്ശൂരിൽ നിന്നും ഒരു എം.പിയെ ആദ്യമായി തിരഞ്ഞെടുത്ത കേരള നിശ്ചയം എന്നതിൽ മര്യാദ കൽപ്പിക്കുന്നതിനാൽ തൃശ്ശൂരിന് അത് ലഭിക്കണം എന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, ഇന്ധന വില വർധനവിൽ സംസ്ഥാനം നികുതി കുറയ്ക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. കേന്ദ്രം നേരത്തെ നികുതി കുറക്കുന്നതിന് തയ്യാറായിരുന്നു. പശ്ചിമേഷ്യൻ സംഘർഷം അവസാനിച്ച് ക്രൂഡ് ഓയിൽ വില കുറഞ്ഞാൽ എണ്ണ കമ്പനികളോട് വില കുറക്കാൻ താൻ ആദ്യം ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.




