രാജ്യത്തെ 95 ശതമാനം പേർക്കും ഇൻഷുറൻസില്ല
December 14, 2023മുംബൈ: രാജ്യത്തെ 144 കോടി ജനങ്ങളിൽ 95 ശതമാനം പേർക്കും ഒരുവിധ ഇൻഷുറൻസുമില്ലെന്ന് നാഷനൽ ഇൻഷുറൻസ് അക്കാദമിയുടെ റിപ്പോർട്ട്. സർക്കാറും മറ്റും ഇൻഷുറൻസ് വ്യാപകമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദയനീയസ്ഥിതി വെളിപ്പെടുത്തിയുള്ള റിപ്പോർട്ട്.
യു.പി.ഐ ഇടപാടുകൾ വ്യാപകമാക്കൽ, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിലെ ശുഷ്‍കാന്തി എന്നിവ മാതൃകയാക്കി ഇൻഷുറൻസ് വ്യാപിപ്പിക്കാൻ ശ്രമം വേണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ ദേബാശിഷ് പാണ്ഡ അഭ്യർഥിച്ചു.
രാജ്യം റിപ്പബ്ലിക്കായി നൂറുവർഷം പൂർത്തിയാകുമ്പോഴേക്കും എല്ലാവർക്കും ഇൻഷുറൻസ് എന്ന ലക്ഷ്യമെത്തണമെങ്കിൽ കൂടുതൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിർബന്ധിത പ്രകൃതി ദുരന്ത ഇൻഷുറൻസ് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടനുസരിച്ച് താഴ്ന്ന, ഇടത്തരം വരുമാന വിഭാഗങ്ങളിൽ നിന്നുള്ള 84 ശതമാനം പേർക്കും തീരദേശ പ്രദേശങ്ങളിലും ചെറിയ നഗരങ്ങളിലും 77 ശതമാനം പേർക്കും സ്വത്ത് ഇൻഷുറൻസില്ല. ബാങ്ക് വായ്പയുള്ള കർഷകർക്ക് നിർബന്ധിത വിള ഇൻഷുറൻസ് നൽകണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. 87 ശതമാനം പേർക്കും ലൈഫ് ഇൻഷുറൻസില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ രംഗത്ത് വൻ ബിസിനസ് അവസരമുണ്ടെന്ന് റിപ്പോർട്ട് എടുത്തുപറയുന്നു.
ജനസംഖ്യയുടെ 73 ശതമാനത്തിനും ആരോഗ്യ ഇൻഷുറൻസില്ല. പെൻഷൻ, ആന്വിറ്റി കവറേജ് എന്നിവയുടെ കാര്യത്തിലും പിന്നിലാണ്. ജീവനക്കാരുടെ വിരമിക്കലിന് ശേഷമുള്ള പദ്ധതികളിൽ എൻറോൾ ചെയ്തത് 24 ശതമാനം മാത്രമാണ്.