മനോഹരമായ മുരുഡേശ്വര്‍

മനോഹരമായ മുരുഡേശ്വര്‍

September 26, 2018 0 By

ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ശിവപ്രതിമയുള്ള മുരുഡേശ്വര ക്ഷേത്രം ഉത്തര കന്നഡയിലെ ഭട്കല്‍ താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്.കുന്നിന്‍ മുകളിലെ കടല്‍ക്കാഴ്ച്ചയ്ക്കൊപ്പം പ്രാര്‍ഥനാനിരതമായ അന്തരീക്ഷം, പ്രാര്‍ഥനക്ക് ശേഷം ആഘോഷമാക്കാന്‍ കടല്‍ത്തീരം, സാഹസികത നുണയാന്‍ കടലിലേക്ക് സ്പീഡ് ബോട്ട് യാത്ര, കുട്ടികള്‍ക്ക് കളിക്കാന്‍ പാര്‍ക്ക്, ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും ഫോട്ടോകളെടുക്കാന്‍ താത്പര്യമുള്ളവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഇടമാണ് കര്‍ണാടകയിലെ മുരുഡേശ്വര്‍ ക്ഷേത്രം.

മൂന്ന് വശവും അറബിക്കടലാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കന്ദുകഗിരിക്കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന 123 അടി ഉയരമുള്ള ശിവപ്രതിമ. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ശിവപ്രതിമയുള്ള മുരുഡേശ്വര ക്ഷേത്രം ഉത്തര കന്നഡയിലെ ഭട്കല്‍ താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്.

ഈ ശിവ പ്രതിമയാണ് മുരുഡേശ്വറിനെ കര്‍ണാടകയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതെങ്കിലും കടലും തീരവും കുന്നും പ്രതിമയും എല്ലാം ചേര്‍ന്ന് ഒരുക്കുന്ന മാസ്മരികമായ ദൃശ്യവിന്യാസങ്ങളാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. എവിടെ നിന്ന് നോക്കിയാലും അതിമനോഹരമായ ഫ്രെയിമുകളും വിഷ്വലുകളും….

മുരുഡേശ്വരന്‍ എന്നറിയപ്പെടുന്ന ശിവന്‍ ആണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. പഴക്കമുള്ള പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങള്‍ക്കുള്ളതുപോലെ മുരുഡേശ്വര ക്ഷേത്രത്തിനുമുണ്ട് രസകരമായ ഐതിഹ്യം. അമരത്വം കൈവരിക്കാന്‍ ശിവനെ പ്രീതിപ്പെടുത്തി വരമായി ലഭിച്ച ആത്മലിംഗം രാവണന്‍ ലങ്കയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ലങ്കയില്‍ സ്ഥാപിക്കുന്നതു വരെ മറ്റൊരിടത്തും നിലത്ത് വെക്കാന്‍ പാടില്ലെന്നും ശിവന്‍ രാവണനോട് പറഞ്ഞിരുന്നു. അതേ സമയം രാവണന്‍ അമര്‍ത്യനാവുന്നത് ദേവന്‍മാരെ അലട്ടി. അത് തടയാന്‍ തന്നെ വിഷ്ണുവും ഗണപതിയും തീരുമാനിച്ചു. സൂര്യാസ്തമ പൂജകളില്‍ വളരെ നിഷ്ഠ പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു രാവണന്‍. സൂര്യനെ മറച്ച് അസ്തമയ പ്രതീതി മഹാവിഷ്ണു സൃഷ്ടിക്കുകയും ആ തക്കം നോക്കി ലിംഗവും വഹിച്ച് ഗോകര്‍ണ്ണത്തെത്തിയ രാവണന്റെ കയ്യില്‍ നിന്നും ബ്രാഹ്ണബാലന്റെ വേഷത്തിലെത്തിയ ഗണപതി ശിവലിംഗം കൊക്കലാക്കുകയുമായിരുന്നു. വാക്കുതെറ്റിച്ച് ശിവലിംഗം നിലത്തുവെച്ച ബ്രാഹ്മണന ബാലനോട് രാവണന്‍ കോപാകുലനാകുകയും മണ്ണിലുറഞ്ഞ ശിവലിംഗത്തെ വലിച്ചുയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഈ ബലപ്രയോഗത്തില്‍ ആത്മലിംഗത്തിന്റെ ഭാഗങ്ങള്‍ പലയിടങ്ങളില്‍ തെറിച്ചു വീണു. ഇതില്‍ ലിംഗത്തെ പൊതിഞ്ഞ തുണി കൊണ്ടുള്ള ആവരണം പതിച്ച സ്ഥലമാണ് മുരുഡേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്ദഗിരി എന്ന് പറയപ്പെടുന്നു.

ക്ഷേത്രത്തിനുള്ളില്‍ തന്നെ മുഴുവന്‍ ഐതിഹ്യത്തിന്റെ ചിത്രീകരണം ശില്‍പങ്ങളില്‍ കൊത്തിവെച്ച പ്രത്യേക ഇടമുണ്ട്. ഐതിഹ്യത്തെ കുറിച്ചുള്ള അറിവ് ഈ കാഴ്ചകളെ ആസ്വാദ്യകരമാക്കും. ഭൂകൈലാസ ഗുഹ എന്നാണ് ശില്‍പങ്ങളിലൂടെ ഐതിഹ്യകഥ പറയുന്ന സ്ഥലം അറിയപ്പെടുന്നത്.

രാമനാഗപ്പ ഷെട്ടി എന്ന വ്യവസായി കുടുംബതിന്റേതാണ് ഈ ക്ഷേത്രവും ചുറ്റപ്പെട്ട എല്ലാ സ്ഥലങ്ങളും. 1977ല്‍ ഷെട്ടി മുന്‍കൈയ്യെടുത്താണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കുന്നത്. 123 അടിയുള്ള ശിവന്റെ ശില്‍പം കോണ്‍ക്രീറ്റില്‍ തീര്‍ത്തതാണ്.

ക്ഷേത്രത്തിന്റെ പ്രവേശന കവാടമാണ് മുരുഡേശ്വറിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗോപുരങ്ങളിലൊന്നാണ് ഈ രാജഗോപുരമെന്ന് പറയപ്പെടുന്നു. 20 നിലകളും 259 അടി ഉയരവുമുള്ള ക്ഷേത്ര കവാടവും ദൃശ്യങ്ങള്‍ക്ക് മിഴിവേകും. കൊത്തുപണികള്‍ ചെയ്ത ഗോപുരം ആരെയും ആരര്‍ഷിക്കും. 20 നില കെട്ടിടത്തിന്റെ 18ാം നിലയിലേക്ക് പത്തുരൂപ നിരക്കില്‍ ലിഫ്റ്റില്‍ പോകാന്‍ അവസരമുണ്ട്. 18ാം നിലയിലെ ജനലഴികളില്‍ കൂടിയുള്ള ക്ഷേത്രത്തിന്റെയും കടലിന്റെയും കാഴ്ച വാക്കുകളില്‍ വിവരിക്കാന്‍ കഴിയുന്നതല്ല.

തീര്‍ഥാടനകേന്ദ്രത്തിന്റെ സ്വച്ഛമായ അന്തരീക്ഷത്തേക്കാള്‍ കാഴ്ചകള്‍ ഇഷ്ടപ്പെടുന്ന യാത്രികരെ തൃപ്തിപ്പെടുത്തുന്ന കേന്ദ്രമാണ് മുരുഡേശ്വര്‍. ദക്ഷിണേന്ത്യന്‍ വാസ്തുവിദ്യാരീതിയില്‍ നിര്‍മ്മിച്ച ഗോപുരവും കൊത്തുപണികളും, സൂര്യദേവന്റെയും രാവണന്‍രെയും നന്ദിയുടെയും മറ്റ് നിരവധി പ്രതിമകളും ഫോട്ടോകളില്‍ തത്പരരായ യാത്രികരെയും ശില്‍പാസ്വാദകരെയും തൃപ്തിപ്പെടുത്തുമെന്നുറപ്പ്.

കടല്‍തീരവും കുന്നും അതിനു മുകളില്‍ സ്ഥിതിചെയ്യുന്ന കൂറ്റന്‍ ശിവപ്രതിമയും നല്‍കുന്ന മനോഹാരിത ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. 360 ഡിഗ്രിയില്‍ ഒറ്റക്കാലില്‍ ഒന്നു കറങ്ങിയാല്‍ കിട്ടുന്ന മുഴുവന്‍ ഫ്രെയിമുകളും അതീവ മനോഹരമാകുമെന്നുറപ്പ്.

മുരുഡേശ്വറില്‍ തങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ദിവസം മുഴുവനും ആഘോഷിക്കാനുമുള്ള ഇടങ്ങള്‍ ഇവിടുണ്ട്. കുട്ടികള്‍ക്ക് ചിലവഴിക്കാന്‍ പറ്റിയ ഇടമാണ് ക്ഷേത്രത്തോട് ചേര്‍ന്ന് കിടക്കുന്ന പാര്‍ക്ക്. ബീച്ച് വേവോടു കൂടിയ സ്വിമ്മിങ്ങ് പൂളും മറ്റൊരു ആഘോഷകേന്ദ്രമാണ്. ഇതിനെല്ലാമുപരി എല്ലാ പ്രായക്കാരെയും വരവേല്‍ക്കാന്‍ തിരമാലകള്‍ കുറവുള്ള കടല്‍ത്തീരം കടല്‍പ്പേടിയുള്ളവരെ പോലും ആകര്‍ഷിക്കും. കടല്‍ തീരത്ത് പൊങ്ങി കിടക്കാനുള്ള സൗകര്യങ്ങള്‍, സ്പീഡ് ബോട്ട് സൗകര്യങ്ങള്‍ എന്നിവയുമുണ്ട്.

വസ്ത്രധാരണത്തിന് പ്രത്യേക കോഡുകളോ മുണ്ടുടുക്കണമെന്നോ, ഷര്‍ട്ടൂരണമെന്നോ ഉള്ള നിര്‍ബന്ധങ്ങളൊന്നും ഇല്ലാത്തത് പ്രത്യേക ഒരുക്കങ്ങളില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് ഗുണകരമാവും എന്നതും എടുത്തു പറയേണ്ടതാണ്.