നിഫ്റ്റി റെക്കോഡ് ഉയരത്തിൽ, സെൻസെക്സിനും നേട്ടം; തുണച്ചത് ജി.ഡി.പിയും എക്സിറ്റ് പോളും
December 1, 2023മുംബൈ: ഡിസംബറിലെ ആദ്യ ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. നിഫ്റ്റി റെക്കോഡ് ഉയരത്തിലേക്ക് എത്തി. പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തിക വളർച്ച സമ്പദ്‍വ്യവസ്ഥക്കുണ്ടാവുമെന്ന് പ്രവചനങ്ങൾ വിപണിക്ക് കരുത്താകുകയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ അഭിപ്രായ സർവേ ഫലങ്ങളും പുറത്ത് വന്നത് ഇന്ത്യൻ വിപണിക്ക് കരുത്തായി. രാഷ്ട്രീയ സ്ഥിരതയുണ്ടാകുമെന്ന എക്സിറ്റ്പോൾ ഫലങ്ങളാണ് പുറത്ത് വന്നത്. ഇത് വിപണിക്ക് ഗുണകരമാവുകയായിരുന്നു.
271 പോയിന്റ് നേട്ടത്തോടെ 67,260 പോയിന്റിലാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 90 പോയിന്റ് നേട്ടത്തോടെ 20,223 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ 7.6 ശതമാനം വളർച്ച ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ കൈവരിച്ചിരുന്നു. 6.5 ശതമാനം നിരക്കിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ വളരുമെന്നായിരുന്നു ആർ.ബി.ഐ പ്രവചനം.
ഓഹരി വിപണിയിലെ സെക്ടറുകളിൽ നിഫ്റ്റി റിയാലിറ്റി രണ്ട് ശതമാനവും നിഫ്റ്റി പി.എസസ്‍യു ബാങ്ക് 0.75 ശതമാനവും ഉയർന്നു. നിഫ്റ്റി ഓട്ടോ, ഫിനാൻഷ്യൽ, എഫ്.എം.സി.ജി, മീഡിയ, മെറ്റൽ, ഫാർമ എന്നിവയും ഉയർന്നു. നിഫ്റ്റി മിഡ്ക്യാപ്100 0.66 ശതമാനവും സ്മോൾക്യാപ്100 0.7 ശതമാനവും ഉയർന്നു.വിപ്രോ, ടൈറ്റൻ, എച്ച്.സി.എൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളൊഴികെ സെൻസെക്സിലെ മറ്റ് പ്രധാന കമ്പനികളുടെ ഓഹരികളെല്ലാം നേട്ടത്തിലാണ്.