കൊവിഡിന് ശേഷം ടോഫൽ പരീക്ഷയെഴുതുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 59% വർദ്ധന
November 22, 2023 0 By BizNews- ആകെ ടോഫൽ പരീക്ഷാർത്ഥികളിൽ 12%-ത്തിലധികം ഇന്ത്യക്കാർ
കോവിഡിന് ശേഷം അന്താരാഷ്ട്ര യാത്രകൾ പുനരാരംഭിച്ചതിനു പിന്നാലെ പ്രമുഖ ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ ഒന്നായ ടോഫൽ എഴുതുന്ന ഇന്ത്യക്കാരുടെ എണ്ണം 59% വർദ്ധിച്ചതായി റിപ്പോർട്ടുകൾ. ഇതിനു പുറമെ ആഗോള തലത്തിൽ 2022-ലെ ആകെ ടോഫൽ പരീക്ഷാർത്ഥികളിൽ 12.3% ഇന്ത്യക്കാരാണ്. മുൻ വർഷം ആകെ ടോഫൽ പരീക്ഷാർത്ഥികളിൽ 7.5% മാത്രമായിരുന്നു ഇന്ത്യക്കാർ.
കോവിഡിന് ശേഷം അന്താരാഷ്ട്ര യാത്രകൾ പുനരാരംഭിച്ചത് മുതൽ തന്നെ ടോഫൽ പരീക്ഷയ്ക്ക് അപേക്ഷകർ കൂടുതൽ ഉണ്ടായിരുന്നു. 2021-ൽ മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിൽ TOEFL ടെസ്റ്റ് എഴുതുന്നവരുടെ എണ്ണത്തിൽ 53% വളർച്ചയുണ്ടായി. ഈ കുതിപ്പ് 2022ലും തുടർന്നു; മുൻ വർഷത്തേക്കാൾ 59 ശതമാനം വർദ്ധനവ്.
ഇന്ത്യൻ ടോഫൽ പരീക്ഷാർത്ഥികളുടെ താൽപ്പര്യം യുഎസിലോ യുകെയിലോ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും സിംഗപ്പൂർ, ഓസ്‌ട്രേലിയ, ഫ്രാൻസ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലേക്കും കൂടുതൽ പേർ ടോഫൽ പരീക്ഷ തെരഞ്ഞെടുക്കുന്നതായും ഇടിഎസ് ഇന്ത്യ – ദക്ഷിണേഷ്യ കൺട്രി മാനേജർ സച്ചിൻ ജെയിൻ പറഞ്ഞു. പരീക്ഷാ സമയത്തിലെ കുറവ് ഉൾപ്പെടെ ടോഫൽ ടെസ്റ്റിൽ വന്ന മാറ്റങ്ങൾ ഇതിനെ കൂടുതൽ പോപ്പുലർ ആക്കി.
സിംഗപ്പൂർ, ഓസ്‌ട്രേലിയ, ഫ്രാൻസ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾക്കായി ഇന്ത്യൻ ടെസ്റ്റ് എഴുതുന്നവരുടെ എണ്ണം വർദ്ധിക്കുന്നതോടെ ടോഫൽ ടെസ്റ്റിന്റെ അപേക്ഷകരുടെ എണ്ണം ഇനിയും ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പോസ്റ്റ് സെക്കൻഡറി പഠന സ്ഥാപനങ്ങളിൽ ചേരാൻ ഉദ്ദേശിക്കുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള അംഗീകൃത പരീക്ഷയായി കാനഡയിലെ സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം TOEFL-നെ അടുത്തിടെ അംഗീകരിച്ചതും നിർണായകമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഡൽഹി, മുംബൈ, പൂനെ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൽക്കത്ത, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ടോഫൽ പരീക്ഷാർത്ഥികൾ ഉള്ളത്.
ഇംഗ്ലീഷ് അധിഷ്ഠിത സർവ്വകലാശാലകളിൽ പ്രവേശനം തേടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ മാനദണ്ഡമായാണ് TOEFL ടെസ്റ്റ് പ്രവർത്തിക്കുന്നത്. 160-ലധികം രാജ്യങ്ങളിലായി 12,000-ലധികം സ്ഥാപനങ്ങൾ ടെസ്റ്റിനെ അംഗീകരിക്കുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ടെസ്റ്റിന് വ്യാപകമായ അംഗീകാരം ഉണ്ട്. യുകെയിലെ 98 ശതമാനത്തിലധികം സർവകലാശാലകളും ഇത് സ്വീകരിക്കുന്നു.
ന്യൂയോർക്ക് യൂണിവേഴ്സിറ്റി, കൊളംബിയ യൂണിവേഴ്സിറ്റി, ബോസ്റ്റൺ യൂണിവേഴ്സിറ്റി, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോർണൽ യൂണിവേഴ്സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ പ്രശസ്തമായ യുഎസ് യൂണിവേഴ്സിറ്റികളെയാണ് ഇന്ത്യൻ ടോഫൽ അപേക്ഷകർ ലക്ഷ്യമിടുന്നത്.
യുകെയിൽ ഹെർട്ട്ഫോർഡ്ഷെയർ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ, ഗ്രീൻവിച്ച് യൂണിവേഴ്സിറ്റി, കിംഗ്സ്റ്റൺ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ലെസ്റ്റർ, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ഓഫ് സ്കോട്ട്ലൻഡ് , നോർത്താംപ്ടൺ യൂണിവേഴ്സിറ്റി തുടങ്ങിയ മുൻനിര സ്ഥാപനങ്ങളും ഇന്ത്യൻ അപേക്ഷകരുടെ ഇഷ്ട കേന്ദ്രങ്ങളാണ്.
ഈ വർഷം ജൂലൈ 26 ന് ശേഷം TOEFL ടെസ്റ്റിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ പരീക്ഷയെ കൂടുതൽ പോപ്പുലർ ആക്കി മാറ്റിയിട്ടുണ്ട്. മുമ്പ് മൂന്നു മണിക്കൂർ ഉണ്ടായിരുന്ന ടെസ്റ്റ് ദൈർഘ്യം രണ്ട് മണിക്കൂറിൽ താഴെയായി കുറച്ചതും പരീക്ഷ പൂർത്തിയാകുമ്പോൾ പരീക്ഷാർത്ഥികൾക്ക് ഫലപ്രഖ്യാപന തീയതി നൽകുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തി.