രാജ്യത്ത് 3000 വന്ധ്യത ചികില്‍സാകേന്ദ്രങ്ങള്‍; ക്ലിനിക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം
September 25, 2018വന്ധ്യതചികിത്സാകേന്ദ്രങ്ങളുടെ വിവരശേഖരണത്തിനായി ആരംഭിച്ച ദേശീയ രജിസ്ട്രിയോട് സഹകരിക്കാതെ ക്ലിനിക്കുകള്‍. രജിസ്ട്രി ആരംഭിച്ച് ആറുവര്‍ഷമായിട്ടും വിവരം നല്‍കിയത് 402 ക്ലിനിക്കുകള്‍മാത്രം. രാജ്യത്താകെ 3000 വന്ധ്യതചികിത്സാകേന്ദ്രങ്ങള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. നാട്ടിന്‍പുറത്തുപോലും കൂണുപോലെ മുളച്ചുപൊങ്ങുന്ന ഇത്തരം ക്ലിനിക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്) ആരോഗ്യമന്ത്രാലയവും അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി (ആര്‍ട്ട്) ദേശീയ രജിസ്ട്രിക്ക് രൂപം നല്‍കിയത്.
ക്ലിനിക്കുകള്‍ പ്രചരിപ്പിക്കുന്ന പൊള്ളയായ വിജയ കഥകള്‍ വിശ്വസിച്ച് വഞ്ചിതരാകാതിരിക്കാന്‍ ജനങ്ങളെ സഹായിക്കാനും ലക്ഷ്യമിട്ടിരുന്നു. ക്ലിനിക്കുകള്‍ നല്കുന്ന വിവരങ്ങള്‍ വിദഗ്ധ സമിതി പരിശോധിക്കും. അംഗീകാരമില്ലാത്ത ക്ലിനിക്കുകള്‍ കണ്ടെത്താനും അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനും ഇതുവഴി സാധിക്കും. എന്നാല്‍, വിവരം നല്കാന് ക്ലിനിക്കുകള്‍ തയ്യാറാകാത്തത് രജിസ്ട്രിയുടെ പ്രവര്‍ത്തനം മന്ദഗതിയിലാകാന്‍ ഇടയാക്കും.
2012-ലാണ് രജിസ്ട്രി ആരംഭിച്ചത്. രാജ്യത്തെ എല്ലാ വന്ധ്യതാ ക്ലിനിക്കുകളോടും രജിസ്ട്രിയുടെ ഭാഗമാകാന്‍ ആവശ്യപ്പെട്ടിരുന്നു. കൃത്രിമ ബീജ സങ്കലനം, ഐ.വി.എഫ്., ഇന്‍ട്രാ യൂട്ടെറൈന്‍ ഇന്സെമിനേഷന് തുടങ്ങി 12 തരം ചികിത്സകളുടെ പട്ടിക ഐ.സി.എം.ആര്. തയ്യാറാക്കിയിട്ടുണ്ട്. ഇവയിലേതെങ്കിലും ചികിത്സ നടത്തുന്ന ക്ലിനിക്കുകളാണ് രജിസ്ട്രിയില്‍ വിവരം നല്‍കേണ്ടത്. എന്നാല്‍, ഇക്കാര്യം നിര്‍ബന്ധമാക്കിയിട്ടില്ല. ഈ പഴുതുപയോഗിച്ചാണ് ക്ലിനിക്കുകള്‍ മാറി നില്‍ക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ 1.9 കോടി ദമ്പതികള്‍ വന്ധ്യത നേരിടുന്നു. അഞ്ചു വര്‍ഷത്തിനിടെ കേരളത്തിലെ വന്ധ്യതാ ക്ലിനിക്കുകളുടെ എണ്ണം ഇരട്ടിയായി.
ഒന്നേകാല്‍ ലക്ഷം മുതല്‍ രണ്ടുലക്ഷം വരെ രൂപയാണ് സംസ്ഥാനത്തെ ചികിത്സച്ചെലവ്. എന്നാല്‍, 30-35 ശതമാനമാണ് വിജയം.
ക്ലിനിക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന ആര്‍ട്ട് റെഗുലേഷന് ബില്ലിന് അന്തിമ രൂപമാകാത്തതും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കാന്‍ ക്ലിനിക്കുകള്‍ക്ക് തണലാകുന്നു. 2008-ലാണ് കരടു ബില്‍ തയ്യാറാക്കിയത്. 2010-ലും 14-ലും കരടില്‍ ഭേദഗതി വരുത്തി. നിയമം പ്രാബല്യത്തിലായാല്‍ എല്ലാ ക്ലിനിക്കുകളും നിര്‍ബന്ധമായും ദേശീയ രജിസ്ട്രിയില്‍ പേരു ചേര്‍ക്കേണ്ടതായി വരും. ബില്‍ പാസാക്കാന്‍ ഇനിയും വൈകരുതെന്നാണ് ആരോഗ്യ സംഘടനകളുടെ ആവശ്യം.