വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സമഗ്ര ‘ഡിജിറ്റല്‍ പരസ്യ നയം 2023’ന് അനുമതി നല്‍കി
November 10, 2023 0 By BizNewsന്യൂഡൽഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ പരസ്യ വിഭാഗമായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനെ ഡിജിറ്റല്‍ മാധ്യമ ഇടത്തില്‍ പ്രചാരണങ്ങള്‍ നടത്തുന്നതിനു പ്രാപ്തമാക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി ‘ഡിജിറ്റല്‍ പരസ്യ നയം, 2023’ ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കി.
ഇന്ത്യാ ഗവണ്‍മെന്റിന്റെ പദ്ധതികളും നയങ്ങളും പരിപാടികളും സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമുള്ള സിബിസിയുടെ ദൗത്യത്തിന് കരുത്തു പകരുന്നതാണ് ഈ തീരുമാനം. പ്രത്യേകിച്ച്, വികസിച്ചു കൊണ്ടിരിക്കുന്ന മാധ്യമ ലോകത്ത് ഡിജിറ്റല്‍വത്കരണത്തിന്റെ പ്രാധാന്യ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സാചര്യത്തില്‍.
ഡിജിറ്റല്‍ ലോകത്ത് വരിക്കാരുടെ വമ്പിച്ച അടിത്തറയും, ഡിജിറ്റൽ പരസ്യങ്ങളിലൂടെയുള്ള സാങ്കേതിക വിദ്യ അധിഷ്ഠിത മെസ്സേജിന് ഓപ്ഷനുകളും സമന്വയിപ്പിച്ച് പൗരന്മാരെ കേന്ദ്രീകരിച്ചുള്ള രീതിയില്‍ സന്ദേശം അയയ്ക്കുന്നതിനു സാധിക്കുന്നതിലൂടെ പൊതുജനങ്ങളെ ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികളുടെ ചെലവു കുറയ്ക്കാന്‍ സാധിക്കും.
ട്രായിയുടെ ജനുവരി-മാര്‍ച്ച് 2023 വരെയുള്ള ഇന്ത്യന്‍ ടെലികോം സേവന പ്രകടന സൂചകങ്ങള്‍ പ്രകാരം, മാര്‍ച്ച് 2023 വരെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് വ്യാപനം 880 ദശലക്ഷത്തിലധികവും മാര്‍ച്ച് 2023 ലെ ടെലികോം വരിക്കാരുടെ എണ്ണം 1,172 ദശലക്ഷത്തിലധികവുമാണ്.
ഒടിടി, വീഡിയോ ഓണ്‍ ഡിമാന്‍ഡ് എന്നിവയിൽ ഏജന്‍സികളെയും സ്ഥാപനങ്ങളെയും എംപാനല്‍ ചെയ്യാന്‍ നയം സിബിസിയെ സഹായിക്കും. ഡിജിറ്റല്‍ ഓഡിയോ പ്ലാറ്റ്ഫോമുകളുടെ എംപാനല്‍മെന്റിലൂടെ പോഡ്കാസ്റ്റുകളിലേക്കും ഡിജിറ്റല്‍ ഓഡിയോ പ്ലാറ്റ്ഫോമുകളിലേക്കും വര്‍ദ്ധിച്ചുവരുന്ന ശ്രോതാക്കളുടെ എണ്ണം പ്രയോജനപ്പെടുത്താനും സിബിസിക്ക് കഴിയും.
ഇന്റര്‍നെറ്റ് വെബ്സൈറ്റുകള്‍ എംപാനല്‍ ചെയ്യുന്ന പ്രക്രിയയെ യുക്തിസഹമാക്കുന്നതിനു പുറമേ, സിബിസിക്ക് ആദ്യമായി അതിന്റെ പൊതു സേവന പ്രചാരണ സന്ദേശങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും നൽകാൻ കഴിയും.
സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍ പൊതു സംഭാഷണങ്ങളുടെ ജനപ്രിയ ചാനലുകളിലൊന്നായി മാറുന്ന സാഹചര്യത്തിൽ, ഈ പ്ലാറ്റ്ഫോമുകളില്‍ സര്‍ക്കാര്‍ ഇടപാടുകാര്‍ക്കായി സിബിസിക്ക് പരസ്യങ്ങള്‍ നല്‍കാന്‍ കഴിയുന്ന പ്രക്രിയയെ നയം കൂടുതല്‍ കാര്യക്ഷമമാക്കുന്നു.
വിവിധ പ്ലാറ്റ്ഫോമുകളിലൂടെ അതിന്റെ വ്യാപനം വര്‍ദ്ധിപ്പിക്കുന്നതിന് ഡിജിറ്റല്‍ മീഡിയ ഏജന്‍സികളെ എംപാനല്‍ ചെയ്യാനും നയം സിബിസിയെ അധികാരപ്പെടുത്തുന്നു.
നയം ഡിജിറ്റല്‍ ആവാസവ്യവസ്ഥയുടെ ചലനാത്മക സ്വഭാവം തിരിച്ചറിയുകയും, യഥാവിധി രൂപീകരിച്ച സമിതിയുടെ അംഗീകാരത്തോടെ ഡിജിറ്റല്‍ ഇടത്തിൽ പുതിയതും നൂതനവുമായ ആശയവിനിമയ പ്ലാറ്റ്ഫോമകൾ ഉപയോഗിക്കുന്നതിന് സിബിസിയെ ശാക്തീകരിക്കുകയും ചെയ്യുന്നു.
സിബിസിയുടെ ഡിജിറ്റല്‍ പരസ്യ നയം, 2023 നിരക്ക് നിശ്ചയിക്കുന്നതിനായി മത്സരാധിഷ്ഠിത ബിഡ്ഡിംഗ് അവതരിപ്പിക്കുന്നു. ഇത്, സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കും. ഈ പ്രക്രിയയിലൂടെ കണ്ടെത്തുന്ന നിരക്കുകൾക്ക് മൂന്ന് വര്‍ഷത്തെ സാധുതയുണ്ടായിരിക്കും.
എല്ലാ യോഗ്യതയുള്ള ഏജന്‍സികള്‍ക്കും ഇത് ബാധകവുമായിരിക്കും.