ഇ.പി.എഫ് വിഹിതം; പുതിയ തൊഴിലാളികൾക്ക് പരിധി അനുസരിച്ച് മതിയെന്ന് വ്യവസായ വകുപ്പ്
October 28, 2023കോട്ടയം: പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് തിരിച്ചടിയായി വ്യവസായ വകുപ്പിന്റെ ഉത്തരവ്. പുതിയ തൊഴിലാളികൾക്ക് ഇ.പി.എഫ് വിഹിതം അടക്കുന്നത് നിലവിലെ നിയമങ്ങൾക്ക് അനുസരിച്ചോ കാലാകാലങ്ങളിൽ പി.എഫ് ബോർഡ് നിശ്ചയിക്കുന്ന പരിധി അനുസരിച്ചോ ആകണമെന്നാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പൊതുമേഖല സ്ഥാപന മേധാവികൾക്ക് നൽകിയ ഉത്തരവ്. തൊഴിലുടമയുടെ ചെറിയ ലാഭത്തിനാണ് തൊഴിലാളികളെ ദ്രോഹിക്കുന്ന ഉത്തരവ്. 2014ലെ ഇ.പി.എസ് (എംപ്ലോയീസ് പെൻഷൻ സ്കീം) ഭേദഗതിയുടെ മറവിലാണ് സംസ്ഥാന സർക്കാറിന്റെ ഉത്തരവ്.
1995ലെ ഇ.പി.എസ് ആക്ട് പ്രകാരം പെൻഷൻ പദ്ധതിയിലേക്ക് ഒരുവർഷം അടക്കേണ്ട തുക 6500 രൂപയായി പരിധി നിശ്ചയിച്ചിരുന്നു. ശമ്പളത്തിന്റെ (അടിസ്ഥാന ശമ്പളം+ ഡി.എ) 12 ശതമാനമാണ് തൊഴിലാളിയും തൊഴിലുടമയും അടക്കേണ്ടത്. തൊഴിലുടമയുടെ വിഹിതത്തിന്റെ 8.33 ശതമാനം പെൻഷൻ ഫണ്ടിലേക്കു പോകും. 2014ൽ ഇ.പി.എസ് പരിധി 15,000 ആയി ഉയർത്തി ഭേദഗതി കൊണ്ടുവന്നു. ഇത് പുതിയതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 15,000 രൂപ പരിധി നിശ്ചയിക്കാൻ ഉത്തരവ്. ഈ പരിധി ഓപ്ഷനൽ ആണ്. തൊഴിലാളിയുടെ ഏറ്റവും വലിയ അവകാശമായതുകൊണ്ട് ഒട്ടുമിക്ക പൊതുമേഖല സ്ഥാപനങ്ങളിലും പരിധി നിശ്ചയിക്കാതെ പി.എഫ് വിഹിതം കൊടുക്കുന്നുണ്ട്. ഇതിനെയാണ് സർക്കാർ ഉത്തരവിലൂടെ ഇല്ലാതാക്കാൻ നോക്കുന്നത്. ഇതോടെ ശമ്പളം കൂടുതലുണ്ടെങ്കിലും 15,000ന്റെ 12 ശതമാനമായ 1800 മാത്രമേ പി.എഫിലേക്ക് അടക്കാനാവൂ. അത്രതന്നെ തുക തൊഴിലുടമയും അടച്ചാൽ മതി. തൊഴിലാളികൾക്ക് കിട്ടുന്ന അവകാശമാണ് പരിധി നിശ്ചയിച്ചതിലൂടെ നഷ്ടമായത്.
ഇപ്പോൾതന്നെ ചില പൊതുമേഖല സ്ഥാപനങ്ങളിൽ തൊഴിലാളികളെ രണ്ട് തട്ടിലായാണ് കാണുന്നത്. 2014നു മുമ്പ് ഉള്ളവർക്ക് ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പി.എഫും 2014നു ശേഷം ഉള്ളവർക്ക് 15,000 പരിധി പ്രകാരം പി.എഫും. അതുകൊണ്ടുതന്നെ ഉയർന്ന പെൻഷനുള്ള ഇപ്പോഴത്തെ സുപ്രീംകോടതി വിധിയുടെ ആനുകൂല്യംപോലും ഇവർക്ക് കിട്ടില്ല. ഈ സാഹചര്യത്തിലാണ് എല്ലാ പൊതുമേഖലയിലും ഈ രീതി സ്വീകരിക്കാൻ സർക്കാർ നിർദേശിക്കുന്നത്. സർക്കാർ നിലപാട് തിരുത്തണമെന്നും പി.എഫ് വിഹിതത്തിൽ മാറ്റം വരുത്തരുതെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.