കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പള പരിഷ്കരണ കുടിശ്ശികയിലെ രണ്ടാം ഗഡുവും സർക്കാർ തടഞ്ഞു
October 12, 2023 0 By BizNewsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും സ്കൂൾ-കോളേജ് അധ്യാപകരുടെയും ശമ്പളപരിഷ്കരണ കുടിശ്ശികയുടെ രണ്ടാം ഗഡുവും തത്കാലം പി.എഫിൽ ലയിപ്പിക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് സർക്കാർ തീരുമാനമെന്നു വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി.
ഇതോടെ, മൂവായിരത്തോളം കോടി രൂപയുടെ ബാധ്യത സർക്കാരിന് തത്കാലം ഒഴിവായി. ഇത്രയും തുക പി.എഫിൽ ലയിപ്പിക്കുമ്പോൾ അത് പബ്ലിക് അക്കൗണ്ടിൽ വരുന്നതിനാൽ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നതിനാലാണ് രണ്ടാംഗഡു കുടിശ്ശിക നീട്ടിവെക്കാൻ തീരുമാനിച്ചതെന്ന് സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ പൊതുധനസ്ഥിതിയെ ബാധിക്കുന്ന പ്രശ്നമായതിനാലാണ് പ്രതിസന്ധിയെ അതിജീവിക്കാനുള്ള നിർണായക തീരുമാനം.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശ്ശിക 14,000 കോടിയോളം രൂപ വരുമെന്നാണ് കണക്കുകൂട്ടൽ.
2019 ജൂലായ് ഒന്നുമുതൽ 2021 ഓഗസ്റ്റ് 28 വരെയുള്ള കുടിശ്ശിക നാലു ഗഡുക്കളായി 25 ശതമാനം വീതം ജീവനക്കാരുടെ പി.എഫ്. അക്കൗണ്ടിൽ ലയിപ്പിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
അതനുസരിച്ച്, 2023 ഏപ്രിൽ ഒന്നിന് ആദ്യ ഗഡുവും ഒക്ടോബർ ഒന്നിന് രണ്ടാം ഗഡുവും നൽകണം. ബാക്കിയുള്ള രണ്ടു ഗഡു അടുത്ത വർഷം ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഏപ്രിലിൽ ഒന്നാം ഗഡു നൽകുന്നതും സർക്കാർ നീട്ടിവെച്ചിരുന്നു. ഇതിനു പുറമേയാണ് രണ്ടാംഗഡുവും നീട്ടിവെച്ചുള്ള ഇപ്പോഴത്തെ തീരുമാനം.
സംസ്ഥാനം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് 11-ാം ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ആദ്യ ഗഡു പി.എഫ്. അക്കൗണ്ടിൽ നൽകുന്നത് നീട്ടിവെച്ചതെന്ന് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
പ്രതിസന്ധിക്ക് അയവ് വന്നിട്ടില്ലാത്ത സാഹചര്യത്തിൽ രണ്ടാംഗഡു പി.എഫ്. അക്കൗണ്ടിലേക്കു നൽകുന്നത് ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ നീട്ടിവെച്ചെന്നാണ് വിശദീകരണം.