വിദേശതൊഴിലാളികള്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തില്‍ ഇന്ത്യ ഒന്നാമത്

വിദേശതൊഴിലാളികള്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തില്‍ ഇന്ത്യ ഒന്നാമത്

September 24, 2018 0 By

ദുബായ്: യു.എ.ഇ.യില്‍നിന്ന് വിദേശതൊഴിലാളികള്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യക്കാര്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ യു.എ.ഇ.യിലെ വിദേശികള്‍ നാട്ടിലേക്കയച്ചത് 4400 കോടി ദിര്‍ഹമാണ്. യു.എ.ഇ. സെന്‍ട്രല്‍ ബാങ്കാണ് ഈ കണക്ക് പുറത്തുവിട്ടത്. ഇതില്‍ 1758 കോടി ദിര്‍ഹം അയച്ചിരിക്കുന്നത് ഇന്ത്യന്‍ പ്രവാസികളാണ്. മൊത്തം തുകയുടെ ഏകദേശം 39.6 ശതമാനം വരുമിത്.

രണ്ടാംസ്ഥാനത്തുള്ള പാകിസ്താന്‍ പ്രവാസികള്‍ ഇന്ത്യക്കാരെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. 370 കോടി ദിര്‍ഹമാണ് ഈ മൂന്ന് മാസക്കാലയളവില്‍ പാകിസ്താനിലേക്ക് അയച്ചിരിക്കുന്നത്. 315 കോടി ദിര്‍ഹം അയച്ച ഫിലിപ്പീന്‍സ്, 239 കോടി ദിര്‍ഹം അയച്ച ഈജിപ്ത്, 195 കോടി ദിര്‍ഹം അയച്ച യു.എസ് എന്നീ രാജ്യങ്ങളിലെ പ്രവാസികളാണ് ഇന്ത്യക്കും പാകിസ്താനും പിന്നില്‍ വരുന്നത്.

ദിര്‍ഹവുമായുള്ള വിനിമയനിരക്കില്‍ വന്ന മാറ്റം കാരണം കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് വീണ്ടും കൂടിയിട്ടുണ്ടെന്നാണ് എക്‌സ്ചേഞ്ചുകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ മുതല്‍ ഏപ്രില്‍ വരെ വിദേശികള്‍ നാട്ടിലേക്കയച്ച പണത്തിന്റെ തോതില്‍ ഈ വര്‍ഷം ആദ്യ മാസങ്ങളിലേതിലും എട്ട് ശതമാനം കൂടുതലാണ്. ഈ സാഹചര്യം തുടരുമെന്നും വിനിമയനിരക്ക് 20 ദിര്‍ഹം കടക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.