പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ
October 6, 2023 0 By BizNewsദില്ലി: റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ദ്വൈമാസ പണ നയ യോഗത്തിനു ശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ എംപിസി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതോടു കൂടി ഇത് ഭവനവായ്പയിലും മറ്റ് ഇഎംഐകളിലും സ്വാധീനം ചെലുത്താൻ സാധ്യതയില്ല. ഇത് നാലാം തവണയാണ് ആർബിഐയുടെ എംപിസി റിപ്പോ നിരക്കിൽ മാറ്റം വരുത്താത്തത്. ആർബിഐ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.
2023 ഫെബ്രുവരിയിൽ ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചിരുന്നു. 2022 ഡിസംബറിൽ, 35 ബിപിഎസ് വർദ്ധനവും 2022 ജൂൺ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ മൂന്ന് മീറ്റിംഗുകളിൽ 50 ബിപിഎസ് വീതവും റിപ്പോ വർദ്ധിപ്പിച്ചിരുന്നു.
അതായത്, കഴിഞ്ഞ വർഷം മെയ് മുതൽ, ആർബിഐ തുടർച്ചയായി ആറ് തവണ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. 2023 ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റാണ് ആർബിഐ ഉയർത്തിയത്.
ഇതോടെ റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.50 ശതമാനത്തിലേക്ക് ഉയർന്നു. ആഗോള തലത്തിൽ മറ്റ് സെൻട്രൽ ബാങ്കുകൾക്ക് അനുസൃതമായി, കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ ആർബിഐക്ക് നിരക്ക് വർധിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. പണപ്പെരുപ്പമായിരുന്നു നിരക്ക് ഉയർത്താനുള്ള പ്രധാന കാരണം.
2024 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം മിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഭൗമരാഷ്ട്രീയ പിരിമുറുക്കം, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം എന്നിവ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
രാജ്യത്തിൻറെ സാമ്പത്തിക പുരോഗതിക്ക് ആവശ്യമായ നയങ്ങൾ രൂപീകരിക്കുകയാണ് ആർബിഐയുടെ മോണിറ്ററി പോളിസി അതിനാൽ സെൻട്രൽ ബാങ്കിന്റെയും നിർണായക യോഗങ്ങളിലൊന്നാണ് മോണിറ്ററി പോളിസി യോഗങ്ങൾ.