ഇന്ത്യയിൽ ഡീസൽ വില ലിറ്ററിന് 20 രൂപ കൂട്ടി സ്വകാര്യ കമ്പനി

ഇന്ത്യയിൽ ഡീസൽ വില ലിറ്ററിന് 20 രൂപ കൂട്ടി സ്വകാര്യ കമ്പനി

October 4, 2023 0 By BizNews

ഡീസൽ വിലയിൽ വൻ വർധന വരുത്തി എണ്ണ കമ്പനിയായ ഷെൽ ഇന്ത്യ. ഡീസൽ വില ലിറ്ററിന് 20 രൂപയാണ് കൂട്ടിയത്. ഒരാഴ്ചക്കിടയിലാണ് ഇത്രയും വർധന ഡീസൽ വിലയിൽ വരുത്തിയിരിക്കുന്നത്. അതേസമയം, പൊതുമേഖല എണ്ണ കമ്പനികൾ കഴിഞ്ഞ 18 മാസമായി എണ്ണവിലയിൽ മാറ്റം വരുത്തിയിട്ടില്ല.

കഴിഞ്ഞയാഴ്ച അഞ്ച് ദിവസത്തിലും നാല് രൂപ വെച്ച് ഡീസലിന് കമ്പനി വർധിപ്പിച്ചിരുന്നു. ഇതോടെ മുംബൈയിലും ചെന്നൈയിലും ഷെല്ലിന്റെ പമ്പുകളിൽ ഡീസൽ വില 130 രൂപയിലേക്ക് അടുത്തിരുന്നു. 118 രൂപക്കാണ് കമ്പനി ഒരു ലിറ്റർ പെട്രോൾ വിൽക്കുന്നത്. വില വർധിച്ചതോടെ ഷെൽ ഇന്ത്യയുടെ 346 പെട്രോൾ പമ്പുകളിലും ആളൊഴിഞ്ഞ സ്ഥിതിയാണ്.

അതേസമയം, പൊതുമേഖല എണ്ണ കമ്പനികൾ ലിറ്ററിന് 106 രൂപക്കാണ് പെട്രോൾ വിൽക്കുന്നത്. ഡീസലിന്റെ വില ശരാശരി 94 രൂപയാണ്. ഷെല്ലി​ന് ഇന്ത്യയിൽ സ്വന്തമായി ഓയിൽ റിഫൈനറിയില്ല. ഇതും കമ്പനിയുടെ എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം, ഉപഭോക്താക്കളുടെ ആശങ്ക തങ്ങൾ മനസിലാക്കുന്നുണ്ടെന്ന് കമ്പനി വക്താവ് അറിയിച്ചു.

അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളും സർക്കാറിന്റെ നികുതികളിലും വിതരണ ചെലവും ഓപ്പറേഷണൽ ചെലവുകളുമാണ് എണ്ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് നിലവിൽ വില ഉയരാൻ കാരണമെന്നും ഷെൽ ഇന്ത്യ വക്താവ് പറഞ്ഞു.