പച്ചപ്പട്ട് വിരിച്ച് മൂന്നാര്‍

പച്ചപ്പട്ട് വിരിച്ച് മൂന്നാര്‍

September 23, 2018 0 By

മൂന്നാര്‍, ഒരു സ്വപ്ന സുന്ദര പട്ടണമാണ്. മഞ്ഞുപുതച്ചു കിടക്കുന്ന മലമടക്കുകള്‍ക്കിടയില്‍ പച്ചഭൂപ്രകൃതിയൂടേയും കുളിരുമൂടുന്ന കാലാവസ്ഥയുടെയും പുതപ്പുമൂടി കിടക്കുന്ന ഒരു മനോഹരയിടം. മൂന്നാറിനെ ഏറ്റവും ആകര്‍ഷകമാക്കുന്നത് അവിടത്തെ തേയിലത്തോട്ടങ്ങളാണ്. നിരനിരയായ കുന്നിന്‍ മുകളിലുള്ള പച്ചപ്പട്ട് വിരിച്ച മാതിരിയുള്ള തേയിലതോട്ടങ്ങള്‍ കാണാന്‍ നല്ല ഭംഗിയാണ്. കണ്ണന്‍ദേവന്‍ മലകള്‍ എന്നായിരുന്നു ഈ ഗിരിനിരകളുടെ പഴയപേര്. തേയിലത്തോട്ടങ്ങളുടെ ഭംഗിയാണ് മൂന്നാറിനെ ഇത്രയധികം സുന്ദരിയാക്കുന്നത്.

അടിമാലിയില്‍ നിന്നും മൂന്നാറില്‍ എത്തുന്നതിനു പ്രധാനമായും രണ്ടു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ദേശീയപാത 49 വഴി, അടിമാലിയില്‍ നിന്നും കല്ലാര്‍ വഴി മൂന്നാറില്‍ എത്താം. ഈ പാത പ്രധാനമായും ജനവാസം കുറഞ്ഞമേഖലയിലൂടെ കടന്നുപോവുന്നതാണ്. രണ്ടാമത്തേത് തോക്കുപാറ, ആനച്ചാല്‍, ചിത്തിരപുരം വഴിയാണ്. ഇതു ജനസാന്ദ്രമായ പ്രദേശത്തുകൂടി കടന്നു വരുന്നു. മഴക്കാലത്ത് എപ്പോഴും അനുയോജ്യം രണ്ടാമതു പറഞ്ഞ വഴിയാണ്. മൂന്നാര്‍ ടൗണില്‍ നിന്നും ഏകദേശം ഒന്‍പത് കിലോമീറ്റര്‍ ദൂരമുണ്ട് ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്ക്. വരയാടുകളുടെ ഒരു സംരക്ഷണകേന്ദ്രമാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക്.

മൂന്നാര്‍ ദുമല്‍പ്പേട്ട വഴിയിലാണ് രാജമല. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടം വംശനാശഭീഷണി നേരിടുന്ന ആയിരത്തിലധികം വരയാടുകള്‍(നീലഗിരി താര്‍) കൂട്ടമായി അവശേഷിക്കുന്ന ലോകത്തിലെ അപൂര്‍വ്വം വന്യജീവി സങ്കേതങ്ങളില്‍ ഒന്നാണ്. പോകുന്ന വഴിയില്‍ ഇരുവശവും ഏലച്ചെടികളാണ്. കാടിനു നടുവിലായി വന്മരങ്ങള്‍ വെട്ടിമാറ്റാതെ തന്നെ അവയുടെ ഇടയില്‍ ഏലം കൃഷിചെയ്തിരിക്കുന്നത് കാണാം.

മൂന്നാര്‍ ടൗണില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ബ്ലോസം പാര്‍ക്ക്. ശാന്ത മനോഹരമായ ഒരു ഉദ്യാനം. മൂന്നാര്‍ ബസ് സ്റ്റാന്റിന്റെ അടുത്ത് പച്ച പുല്‍ത്തകിടികളും പൂക്കളും കൊണ്ട് നിറഞ്ഞതാണ് ഈ പാര്‍ക്ക്. മൂന്നാര്‍ ടൗണിനു ചുറ്റും നിരവധി പിക് നിക് സ്പോട്ടുകളുണ്ട്. ദേവികുളം മൊട്ടക്കുന്നുകളും, സീതത്തോട് തടാകത്തില്‍ മല്‍സ്യ ബന്ധനവും എക്കോ പോയിന്റും ഒക്കെ അത്തരം ചില സ്ഥലങ്ങളാണ്. പ്രകൃതിസ്നേഹികളെ സംബന്ധിച്ച് ഒരു പറുദീസയാണ് മൂന്നാര്‍. അസംഖ്യം തരത്തിലുള്ള വൃക്ഷലതാദികള്‍, പക്ഷികള്‍, മൃഗങ്ങള്‍, അപൂര്‍വ്വമായി കാണുന്ന പൂച്ചെടികള്‍ തേയിലത്തോട്ടങ്ങള്‍, വനങ്ങള്‍, വന്യജീവി സങ്കേതം, ശുദ്ധജലമൊഴുകുന്ന അരുവികള്‍ എന്നുവേണ്ട പ്രകൃതിയെ അറിയാനിഷ്ടമുള്ളവര്‍ ആഗ്രഹിയ്ക്കുന്നതെല്ലാം ഇവിടെയുണ്ട്.