ദേശീയ ഓഹരി വിപണിയുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുന്നതായി റിപ്പോർട്ട്

ദേശീയ ഓഹരി വിപണിയുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുന്നതായി റിപ്പോർട്ട്

September 27, 2023 0 By BizNews

മുംബൈ: ഓഹരി വിപണിയുടെ പ്രവർത്തനസമയം ദീർഘിപ്പിക്കാൻ എൻ.എസ്.ഇ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഡെറിവേറ്റീവുകളുടെ വ്യാപാരത്തിനായാണ് സമയം ഉയർത്തുന്നത്. ഇക്കാര്യത്തിൽ ചർച്ചകൾ സജീവമായി നടക്കുന്നുവെന്നാണ് വാർത്തകൾ. ഘട്ടം ഘട്ടമായി സമയം ഉയർത്തുന്നതിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ആഭ്യന്തര ഓഹരി നിക്ഷേപകർക്ക് ആഗോള വിപണിയിലെ സംഭവവികാസങ്ങളിൽ കൂടി പ്രതികരിക്കാൻ സൗകര്യമൊരുക്കുകയാണ് എൻ.എസ്.ഇ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഓഹരി വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചതിന് ശേഷം രാത്രി ആറ് മണി മുതൽ ഒമ്പത് വരെയാണ് ഡെറിവേറ്റീവിനായി പ്രത്യേക സെഷൻ നടക്കുകയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ രാവിലെ 9.15 മുതൽ വൈകീട്ട് 3.30 വരെയാണ് ഓഹരി വിപണിയുടെ ​പ്രവർത്തനസമയം. ഇതിന് ശേഷമായിരിക്കും പ്രത്യേക സെഷൻ ഉണ്ടാവുക.

രണ്ടാംഘട്ടത്തിൽ പ്രവർത്തനസമയം രാത്രി 11.30 വരെയാക്കി ദീർഘിപ്പിക്കാനും എൻ.എസ്.ഇക്ക് പദ്ധതിയുണ്ട്. വൈകുന്നേരമുള്ള സെഷനിൽ കൂടുതൽ ഉൽപന്നങ്ങൾ വരും മാസങ്ങൾ എൻ.എസ്.ഇ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. നിഫ്റ്റി 50, ബാങ്ക് നിഫ്റ്റി എന്നിവയുൾപ്പടെയുള്ളവയുടെ ഇൻഡക്സ് ഫ്യൂച്ചറുകളും ഓപ്ഷൻ ട്രേഡിങ്ങും വിപണിയിൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്.