ലുലുവില്‍ ആസിയാന്‍ ഫെസ്റ്റിവലിന് തുടക്കം
September 7, 2023റിയാദ്: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ (ആസിയാന്‍) വിഭവങ്ങളുമായി സൗദി അറേബ്യയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ആസിയാന്‍ ഫെസ്റ്റിന് തുടക്കമായി. എട്ട് ആസിയാന്‍ രാജ്യങ്ങളടക്കം 15 രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ റിയാദ് മുറബ്ബയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരെ സൗദിയിലെ ലുലു ഗ്രൂപ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് സ്വീകരിച്ചു.
വിവിധ രാജ്യങ്ങളിലെ അംബാസഡർമാരായ ഡാംഗ് സുവാന്‍ ഡങ് (വിയറ്റ്നാം), ഡാറ്റോ യൂസഫ് ബിന്‍ ഇസ്മായില്‍ (ബ്രൂണെ), അബ്ദുല്‍ അസീസ് അഹ്മദ് (ഇന്തോനേഷ്യ), ദാതുക് വാന്‍ സൈദി (മലേഷ്യ), ടിന് യു (മ്യാന്മര്), എസ്. പ്രേംജിത്ത് (സിംഗപ്പൂര്‍), ഡാം ബൂന്താം (തായ്ലൻഡ്), സിയാഉദ്ദീന്‍ സഈദ് (ജിബൂട്ടി), ഫിലിപ്പീന്‍സ് ഷാർഷെ ദഫെ റോമല്‍ മൊമാറ്റോ, മറ്റു വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ആസിയാന്‍ രാജ്യങ്ങളിലെ 6200 ഉല്പന്നങ്ങളാണ് സെപ്റ്റംബർ 12 വരെ നീളുന്ന ഫെസ്റ്റിവലിന് എത്തിച്ചിട്ടുള്ളത്. ഒരിക്കല്‍ കൂടി ആസിയാന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ലുലു ഗ്രൂപ്പിന്റെ ഹൈപര്‍മാര്‍ക്കറ്റുകള്‍, സോഴ്സിങ് ഓഫിസുകള്‍, ലോജിസ്റ്റിക് സെൻററുകള്‍, സ്റ്റോറുകള്‍ എന്നിവ ആസിയാന്‍ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിലുണ്ടെന്നും ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കളുടെ വിതരണക്കാരുടെ വിപുലമായ ശൃംഖല അവിടങ്ങളിലുണ്ടെന്നും ഷഹീം മുഹമ്മദ് പറഞ്ഞു.