കുതിച്ചുയർന്ന് പണപ്പെരുപ്പം; പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്താനൊരുങ്ങി ഇന്ത്യ
August 23, 2023ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതിനിടെ പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്താനൊരുങ്ങി ഇന്ത്യ. ഒക്ടോബർ മുതൽ അടുത്ത സീസണിലേക്കുള്ള പഞ്ചസാര കയറ്റുമതി തുടങ്ങാനിരിക്കെയാണ് ഇന്ത്യയുടെ നടപടി. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
മഴക്കുറവ് മൂലം പഞ്ചസാര ഉൽപാദനത്തിലുണ്ടായ ഇടിവാണ് കടുത്ത നടപടിയിലേക്ക് ഇന്ത്യയെ നയിച്ചത്. മഹാരാഷ്ട്ര, കർണാടക തുടങ്ങി കരിമ്പ് കൃഷി കൂടുതലുള്ള പ്രദേശങ്ങളിൽ മഴയിൽ 50 ശതമാനത്തിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് പഞ്ചാര കയറ്റുമതി നിർത്തിവെക്കുന്നത്.
രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതും കടുത്ത നടപടി സ്വീകരിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് പണപ്പെരുപ്പം. 7.4 ശതമാനമാണ് ജൂലൈയിൽ പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 11.5 ശതമാനമാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം അടുത്ത സീസണിൽ പഞ്ചസാര ഉൽപാദനത്തിൽ 3.3 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉൽപാദനം 31.7 മില്യൺ ടണായി ഉൽപാദനം കുറയുമെന്നാണ് പ്രവചനം.