പ്രവർത്തനം തുടങ്ങി 11 മാസം പിന്നിടുമ്പോൾ ആകാശ എയറിന് 602 കോടിയുടെ നഷ്ടം
July 29, 2023ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ എയർലൈനായ ആകാശ എയറിന് 602 കോടിയുടെ നഷ്ടം. 777.8 കോടിയാണ് കമ്പനിയുടെ വരുമാനം. 1866 കോടിയാണ് കമ്പനിയുടെ പ്രവർത്തന ചെലവ്. സിവിൽ എവിയേഷൻ സഹമന്ത്രി വി.കെ സിങ് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ആകാശ എയർ പ്രവർത്തനം തുടങ്ങിയത്. ആഗസ്റ്റ് മുതൽ മാർച്ച് 31 വരെയുള്ള കമ്പനിയുടെ പ്രവർത്തനഫലമാണ് പുറത്ത് വന്നത്. പ്രവർത്തനം തുടങ്ങുന്നതിന് മുമ്പുണ്ടായ ചെലവുകളാണ് കമ്പനി നഷ്ടത്തിലേക്ക് പോകാൻ കാരണമെന്നാണ് വിലയിരുത്തൽ.
2006-07 പ്രവർത്തനത്തിന്റെ ആദ്യ വർഷത്തിൽ ഇൻഡിഗോ 174.1 കോടിയുടെ നഷ്ടമാണുണ്ടാക്കിയത്. ആറ് എയർ ക്രാഫ്റ്റുകളാണ് ഇൻഡിഗോക്ക് ഉണ്ടായിരുന്നത്. മൂന്നാം വർഷത്തിലാണ് ഇൻഡിഗോ 82 കോടി ലാഭമുണ്ടാക്കിയത്. പ്രവർത്തനം തുടങ്ങി 11 മാസത്തിനുള്ളിൽ അഞ്ച് ശതമാനം വിപണി വിഹിതം നേടാൻ ആകാശ എയറിന് സാധിച്ചിട്ടുണ്ട്.
19ഓളം എയർ ക്രാഫ്റ്റുകളും ആകാശ കൂട്ടിച്ചേർത്തു. 72 ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് കമ്പനി ഓർഡർ നൽകിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ 100 വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകുമെന്ന് ആകാശ അറിയിച്ചിട്ടുണ്ട്.