ഇന്ത്യയുടെ എണ്ണ, വാതക ഇറക്കുമതി ഒന്നാംപാദത്തില്‍ കുറഞ്ഞു

July 20, 2023 0 By BizNews

ന്യൂഡല്‍ഹി: എണ്ണ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ എണ്ണ, വാതക ഇറക്കുമതി ബില്‍ ഒരു വര്‍ഷം മുമ്പുള്ളതി്നെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞു.  35 ബില്യണ്‍ ഡോളറാണ് കഴിഞ്ഞപാദത്തില്‍ രേഖപ്പെടുത്തിയ ഇറക്കുമതി. 31.4 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ക്രൂഡ് ഓയില്‍ ഇറക്കുമതിയാണ് അവലോകന പാദത്തില്‍ രാജ്യം നടത്തിയത്.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 48.1 ബില്യണ്‍ രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മാത്രമല്ല  എണ്ണ ഇറക്കുമതിയുടെ അളവ്  60.1 ദശലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞപ്പോള്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ഇറക്കുമതി 4.3 ശതമാനം ഉയര്‍ന്ന് 7590 എംഎംഎസ്സിഎമ്മിലെത്തി.

അതേസമയം മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ എല്‍എന്‍ജി 19 ശതമാനം ഇടിഞ്ഞ് 3.8 ബില്യണ്‍ ഡോളറാണ്. ക്രൂഡ് ഓയില്‍ ഉല്‍പാദനം ഒന്നാം പാദത്തില്‍ 3% കുറഞ്ഞപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം 5% വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് ഇറക്കുമതിയെ ആശ്രയിക്കുന്നത് 86.5 ശതമാനത്തില്‍ നിന്ന് 88.3 ശതമാനമായി ഉയര്‍ത്തി.

രാജ്യത്തെ പ്രകൃതി വാതക ഉല്‍പാദനം മാറ്റമില്ലാതെ തുടരുകയാണ്.റഷ്യ-ഉക്രൈന്‍ യുദ്ധം മൂലമുണ്ടായ അനിശ്ചിതത്വവും അതിന്റെ ഫലമായി മോസ്‌കോയ്ക്ക് മേല്‍ പാശ്ചാത്യ ഉപരോധം ഏര്‍പ്പെടുത്തിയതും കാരണം കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എണ്ണ, വാതക വിലകള്‍ വളരെ അസ്ഥിരമായിരുന്നു. ആഗോള ക്രൂഡ് ബെഞ്ച്മാര്‍ക്ക് ബ്രെന്റ് 2022 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ബാരലിന് ശരാശരി 116 ഡോളറായി.

അതേസമയം ഈ വര്‍ഷം ഇതേ കാലയളവില്‍  ബാരലിന് 35 ശതമാനം ഇടിഞ്ഞ് 76 ഡോളറിലെത്തി.