യുഎസ് സർവകലാശാല പ്രവേശന തട്ടിപ്പ്: ആയിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരെ നടപടി

July 10, 2023 0 By BizNews

യുഎസ് സർവ്വകലാശാലകളിൽ അനധികൃത മാർഗങ്ങളിലൂടെ പ്രവേശനം നേടിയതായി സംശയിക്കുന്ന ആയിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്ത് നിന്ന് പുറത്താക്കാൻ എഫ്ബിഐ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) നടപടി ആരംഭിച്ചതായി റിപ്പോർട്ടുകൾ. യുഎസ് സർവ്വകലാശാലകളിലെ പിജി കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിന് നിർബന്ധിതമായ TOEFL, IELTS, PTE, GRE പരീക്ഷകളിൽ കൃത്രിമം കാണിച്ചതിന് ഗുജറാത്തിലെ മെഹ്‌സാന പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ 42 പേർക്കെതിരെ കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന്റെ തുടർച്ചയായി യുഎസിൽ നടന്ന അന്വേഷണത്തിലാണ് എഫ്ബിഐയുടെ കണ്ടെത്തൽ. പുറത്താക്കൽ നടപടി നേരിടുന്ന വിദ്യാർത്ഥികളിൽ കൂടുതൽ പേരും ഗുജറാത്തിൽ നിന്നുള്ളവരാണ്.

യുഎസിൽ നിന്ന് നാടുകടത്തൽ നടപടി നേരിടുന്ന 1000-ലധികം വിദ്യാർത്ഥികളെക്കുറിച്ച് എഫ്ബിഐ അറിയിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കൂടുതൽ അന്വേഷണങ്ങൾക്കായി എഫ്ബിഐ ഉദ്യോഗസ്ഥർ ഏതാനും ദിവസങ്ങൾക്കുള്ളിൽ മെഹ്‌സാന നഗരത്തിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നിലവിൽ വഡോദരയിൽ താമസിക്കുന്ന ആന്ധ്രാപ്രദേശിൽ നിന്നുള്ള മഹേശ്വര ചെർള (റെഡ്ഡി), ചന്ദ്രശേഖർ കർലാപ്പുടി, സൂറത്തിലെ മോട്ട വരാച്ചയിലെ സാഗർ ഹിരാനി എന്നിവരാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു പേർ. പ്രതികളിൽ നിന്ന് അഞ്ച് ലാപ്‌ടോപ്പുകൾ, മൂന്ന് സിപിയു, ഏഴ് മൊബൈൽ ഫോണുകൾ എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികൾ ഉയർന്ന വിദ്യാഭ്യാസമുള്ളവരാണെന്ന് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

പരീക്ഷാചോദ്യങ്ങൾ സംബന്ധിച്ച് മുൻകൂട്ടി മനസിലാക്കിയതിന് ശേഷം പരീക്ഷാർത്ഥികളല്ലാത്ത വിദ്യാർത്ഥികളെ ഉപയോഗിച്ചും മറ്റും ശരിയായ ഉത്തരങ്ങൾ രേഖപ്പെടുത്തുന്ന രീതിയാണ് അവലംബിച്ചതെന്നാണ് വിവരം. പ്രതികൾ ഏകദേശം ഒരു വർഷത്തോളം ഈ റാക്കറ്റ് വഴി പരീക്ഷാത്തട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവിധ ഹോട്ടലുകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കുന്നതിന്റെ ചുമതലയുള്ള ചന്ദ്രശേഖർ കർലാപ്പുടി റാക്കറ്റിന്റെ ഭാഗമായി ഇത്തരത്തിൽ 400-ലധികം വിദ്യാർത്ഥികളെ മുൻവർഷങ്ങളിൽ പരീക്ഷക്ക് ഹാജരാകാൻ സഹായിച്ചെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.