മാരുതി സുസുക്കി 2 ശതമാനവും ഹ്യൂണ്ടായി 5 ശതമാനവും വില്‍പന ഉയര്‍ത്തി

July 1, 2023 0 By BizNews

ന്യൂഡല്‍ഹി: ഓട്ടോമൊബൈല്‍ കമ്പനികള്‍ ജൂണ്‍ മാസത്തെ വില്‍പ്പന ഡാറ്റ പുറത്തുവിട്ടു. ദുര്‍ബലമായ കയറ്റുമതി മിക്ക വാഹന നിര്‍മ്മാതാക്കള്‍ക്കും ആശങ്കയായി തുടരുന്നു. ബ്രോക്കറേജ് സ്ഥാപനമായ നൊമുറയുടെ അഭിപ്രായത്തില്‍, ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹന ഡിമാന്‍ഡ് കുറഞ്ഞിട്ടുണ്ട്.

പ്രത്യേകിച്ച് ചെറിയ കാര്‍ വിഭാഗത്തിന്. വിപണി വിഹിതത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ 1.5 ലക്ഷം യൂണിറ്റുകളാണ് വില്‍പന നടത്തിയത്. 1.6 ശത്മാനം വാര്‍ഷിക ഉയര്‍ച്ചയാണിത്. ആഭ്യന്തര വില്‍പന 6.1 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ കയറ്റുമതി 17 ശതമാനം ഇടിവ് നേരിട്ടു. മാരുതിയുടെ യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന 130 ശതമാനം ഉയര്‍ന്ന് 43,404 യൂണിറ്റായിട്ടുണ്ട്.

അതേസമയം മിനി, കോംപാക്റ്റ് വിഭാഗത്തിലെ വില്‍പ്പന 14.8 ശതമാനം കുറവ് രേഖപ്പെടുത്തി. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ജൂണില്‍ 65,601 യൂണിറ്റുകളാണ് വില്‍പന നടത്തിയത്. ആഭ്യന്തര വില്‍പന 50,001 യൂണിറ്റായപ്പോള്‍മൊത്തവില്‍പന 5 ശതമാനം വര്‍ദ്ധിച്ചു.

ഇതില്‍ ആഭ്യന്തര വില്‍പന വര്‍ദ്ധനവ് 2 ശതമാനവും കയറ്റുമതി വര്‍ദ്ധനവ് 17 ശതമാനവുമാണ്. ട്രാക്റ്റര്‍ നിര്‍മ്മാതാക്കളായ എസ്‌കോര്‍ട്ട്‌സ് കുബോട്ടയുടെ വില്‍പ്പന അതേസമയം രണ്ട് ശതമാനം കുറഞ്ഞു. മണ്‍സൂണ്‍ കുറഞ്ഞതിനെ തുടര്‍ന്നാണിത്.

9850 യൂണിറ്റുകളാണ് ജൂണില്‍ കമ്പനി വില്‍പന നടത്തിയത്. കയറ്റുമതി 26 ശതമാനം കുറഞ്ഞ് 580 യൂണിറ്റുമായി. 14 ശതമാനം വര്‍ദ്ധനവ് വരുത്തി, എംജി മോട്ടോര്‍സ് 5124 യൂണിറ്റുകള്‍ വില്‍പന നടത്തി.

പാദാടിസ്ഥാനത്തില്‍ 40 ശതമാനം വര്‍ദ്ധനവാണിത്. അതുല്‍ ഓട്ടോയുടെ വില്‍പന 30.3 ശതമാനം ഇടിഞ്ഞ് 1267 യൂണിറ്റായപ്പോള്‍ ഇസുസു 1279 യൂണിറ്റ് വില്‍പന റിപ്പോര്‍ട്ട് ചെയ്തു. 1322 യൂണിറ്റില്‍ നിന്നും 3 ശതമാനം കുറവ്.

ഐഷര്‍ മോട്ടോഴ്‌സ് വില്‍പന 6.5 ശതമാനമുയര്‍ത്തി 6725 യൂണിറ്റാക്കിയാണ് മാറ്റിയത്.