ലയനത്തിന് പിന്നാലെ ലോകത്തെ നാലാമത്തെ വലിയ ബാങ്കായി എച്ച്.ഡി.എഫ്.സി
June 30, 2023മുംബൈ: ലോകത്തെ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന് എച്ച്.ഡി.എഫ്.സി. എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡും ഹൗസിങ് ഡെവലെപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷനും ലയിച്ചതോടെ ഇന്ത്യൻ ബാങ്കിന് വൻ നേട്ടം സ്വന്തമാക്കാൻ സാധിച്ചത്.
വിപണി മൂല്യത്തിൽ ആഗോളതലത്തിൽ നാലാം സ്ഥാനത്താണ് എച്ച്.ഡി.എഫ്.സി ബാങ്കിപ്പോൾ. ജെ.പി മോർഗൻ, ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, ബാങ്ക് ഓഫ് അമേരിക്ക എന്നിവയാണ് എച്ച്.ഡി.എഫ്.സിക്ക് മുന്നിലുള്ളത്. 172 ബില്യൺ ഡോളറാണ് എച്ച്.ഡി.എഫ്.സിയുടെ ആകെ മൂല്യം.
ജൂലൈ ഒന്ന് മുതലാണ് എച്ച്.ഡി.എഫ്.സിയുടെ രണ്ട് ധനകാര്യസ്ഥാപനങ്ങളും തമ്മിൽ ലയിക്കുന്നത്. തുടർന്ന് നിലവിൽ വരുന്ന എച്ച്.ഡി.എഫ്.സി സ്ഥാപനത്തിന് 120 മില്യൺ ഉപഭോക്താക്കളാണ് ഉണ്ടാവുക. ജർമ്മനിയുടെ ജനസംഖ്യയേക്കാളും ഉയർന്നതാണിത്. ഇതിനൊപ്പം ബ്രാഞ്ചുകളുടെ എണ്ണം 8,300 ആയും ജീവനക്കാരുടേത് 177,000 ആയും ബാങ്ക് ഉയർത്തും.