ഗുജ്‌റാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ആഗോള ഫിന്‍ടെക്ക് ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ ഗൂഗിള്‍
June 25, 2023 0 By BizNewsവാഷിങ്ടണ്‍: ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ ഗുജ്‌റാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ആഗോള ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച ശേഷം സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചതാണിത്. 10 ബില്യണ്‍ ഡോളര്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ട് വഴി മറ്റ് നിക്ഷേപങ്ങള്‍ തുടരുമെന്നും പിച്ചൈ പറഞ്ഞു.
പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനവേളയിലാണ് പിച്ചൈ മോദിയെ കണ്ടത്. ” ഗുജ്‌റാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ആഗോള ഫിന്‍ടെക്ക് ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു. പുതിയ സംവിധാനം ഇന്ത്യയുടെ ഡിജിറ്റല്‍ നേതൃത്വത്തിന് ശക്തി പകരും. യുപിഐ, ആധാര്‍ എന്നിവയിലൂടെ ഇന്ത്യ തുടങ്ങിവച്ച ഡിജിറ്റല്‍വത്ക്കരണത്തെ ഞങ്ങള്‍ ആഗോളതലത്തില്‍ ഏറ്റെടുക്കുകയാണ്,” പിച്ചൈ അറിയിച്ചു.
രാജ്യം കൈവരിച്ച പുരോഗതി കാണുന്നത് തന്നെ ആവേശകരമാണെന്ന് ഇന്ത്യക്കാരനായ സിഇഒ പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ എന്ന കാഴ്ചപ്പാടും സാമ്പത്തിക അവസരങ്ങളുമാണ് വളര്‍ച്ച നേടാന്‍ ഇന്ത്യയെ സഹായിച്ചത്. 10 ബില്യണ്‍ ഡോളര്‍ ഫണ്ട് വഴി നിക്ഷേപം തുടരുമെന്ന് പറഞ്ഞ പിച്ചൈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളെ സഹായിക്കുമെന്നും അറിയിച്ചു. 100 ഭാഷകളിലാണ് ഗൂഗിളിന് എഐ സംരഭങ്ങളുള്ളത്. കൂടുതല്‍ ഇന്ത്യന്‍ ഭാഷകളിലേയ്ക്ക് ബോട്ടുകളെ കൊണ്ടുവരാന്‍ കമ്പനി തയ്യാറെടുക്കുന്നു.