സൂചിപ്പാറയിലെ വിശേഷങ്ങള്‍

സൂചിപ്പാറയിലെ വിശേഷങ്ങള്‍

September 19, 2018 0 By

കാടായും കാട്ടരുവിയായും വെള്ളച്ചാട്ടമായുമൊക്കെ ഒരുപിടി കാഴ്ചകളാണ് വയനാട് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം അഥവാ സെന്റിനല്‍ പാറ വെള്ളച്ചാട്ടം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് എപ്പോഴും ഒരുപിടി കൗതുകങ്ങള്‍ ഈ വെള്ളച്ചാട്ടം ഒരുക്കി വച്ചിട്ടുണ്ട്. ഏതു വരള്‍ച്ചയിലും വെള്ളമുണ്ടാകുമെന്നതാണ് സൂചിപ്പാറയുടെ പ്രത്യേകത. അതേ സമയം മഴക്കാലത്ത് സൂചിപ്പാറയിലേക്ക് പോകുമ്പോള്‍ അല്പം ശ്രദ്ധിക്കണം.

വണ്ടിയില്‍ വരുന്നവര്‍ക്ക് കാട്ടിനുള്ളിലേക്ക് പ്രവേശിക്കണമെങ്കില്‍ കാല്‍നട തന്നെ ആശ്രയിക്കേണ്ടി വരും. ഏകദേശം ഒന്നര കിലോമീറ്ററോളം ദൂരമുണ്ട്. അത് അത്രയും തന്നെ കല്ലുപാകി ഒരുക്കിയിട്ടുമുണ്ട്. ശുദ്ധ വായു ശ്വസിച്ച് കാട്ടിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് നല്ല അനുഭവം തന്നെയായിരിക്കും സമ്മാനിക്കുക.
സൂചിപ്പാറയിലെ ഏറ്റവും ആകര്‍ഷകമായ ഘടകം സാഹസികര്‍ക്കുള്ള നീന്തലാണ്. മുകളില്‍ നിന്നും താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തില്‍ നീന്തുവാനും കുളിക്കുവാനും കഴിയും. സൂചിപ്പാറയിലുള്ള ഏറുമാടങ്ങളില്‍ നിന്ന് പശ്ചിമഘട്ടത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകള്‍ കാണാം. 200 മീറ്ററില്‍ അധികം ഉയരമുള്ള സൂചിപ്പാറ (സെന്റിനല്‍ റോക്ക്) സാഹസിക മല കയറ്റക്കാര്‍ക്ക് പ്രിയങ്കരമാണ്.

മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടത്തിനോടു ചേര്‍ന്ന് സാഹസിക തുഴച്ചില്‍ ബോട്ട് യാത്രയ്ക്കും നീന്തുവാനും ഉള്ള സൗകര്യം ഉണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നീന്തുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പ്രകൃതി ദൃശ്യങ്ങള്‍ മനോഹരമാണ്. കല്‍പറ്റക്ക് 22 കിലോമീറ്റര്‍ തെക്കായി ആണ് സൂചിപ്പാറ സ്ഥിതിചെയ്യുന്നത്. ഇവിടെ ഏറുമാടങ്ങളില്‍ നിന്ന് ഉള്ള പ്രകൃതിദൃശ്യങ്ങള്‍ മനോഹരമാണ്. പശ്ചിമഘട്ടത്തിന്റെയും മനോഹരമായ ദൃശ്യങ്ങള്‍ സൂചിപ്പാറയില്‍ നിന്നു കാണാം. കാട്ടിലൂടെയുള്ള യാത്രയില്‍ സിംഹവാലന്‍ കുരങ്ങുകളെയും ഇടയ്ക്കിടെ കാണാം.