കോയമ്പത്തൂരിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു
June 14, 2023Lകോയമ്പത്തൂർ: ലുലു ഇനി തമിഴ്നാട്ടിലും. സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് കോയമ്പത്തൂരിൽ തുറന്നു. ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിൽ തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി രാജ ഉദ്ഘാടനം നിർവഹിച്ചു. കോയമ്പത്തൂർ അവിനാശി റോഡിലെ ലക്ഷ്മി മിൽസ് കോമ്പൗണ്ടിലാണ് ഹൈപ്പർ മാർക്കറ്റ്. ലുലു ഗ്രൂപ്പിന്‍റെ തമിഴ്നാട്ടിലെ ആദ്യ സംരംഭം കൂടിയാണിത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അബൂദബിയിൽ എം.എ. യൂസുഫലിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് തമിഴ്നാട് സർക്കാറുമായി ഒപ്പിട്ട ധാരണാപത്രത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ ഹൈപ്പർ മാർക്കറ്റ്.
തമിഴ്നാട്ടിലേക്ക് കൂടി ലുലുവിന്‍റെ സേവനം ലഭ്യമാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും നേരിട്ടും അല്ലാതെയും അയ്യായിരം പേർക്ക് ആദ്യഘട്ടമായി തൊഴിൽ ലഭിക്കുമെന്നും യൂസുഫലി പറഞ്ഞു. തമിഴ്നാട്ടിലെ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിക്കായി ലോജിസ്റ്റിക്സ് സെന്‍ററുകളും വിവിധയിടങ്ങളിൽ യാഥാർഥ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ 3,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ലുലു ഗ്രൂപ് തമിഴ്നാട് സർക്കാറുമായി ധാരണയിൽ എത്തിയിരുന്നത്. ചെന്നൈയിൽ തുടങ്ങുന്ന ലുലു മാളിന്‍റെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ അടുത്ത് തന്നെ ആരംഭിക്കും. ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷറഫ് അലി, ലുലു ഇന്ത്യ ആൻഡ് ഒമാൻ ഡയറക്ടർ എ.വി. ആനന്ദ്, ലുലു ഗ്രൂപ് സി.ഇ.ഒ സെയ്ഫി രൂപാവാല, ലുലു ഇന്ത്യ സി.ഇ.ഒ എം.എ. നിഷാദ്, സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ, ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ തുടങ്ങിയവർ സന്നിഹിതരായി.