നയാര പമ്പുകളിൽ പെട്രോളിനും ഡീസലിനും ഒരു രൂപ കുറച്ചു
May 30, 2023ന്യൂഡല്‍ഹി: പൊതുമേഖല എണ്ണ വിതരണ കമ്പനികളേക്കാൾ ഒരു രൂപ കുറച്ച് പെട്രോളും ഡീസലും വിൽക്കുമെന്ന് സ്വകാര്യ മേഖലയിലെ പ്രമുഖ എണ്ണ വിതരണ കമ്പനിയായ നയാര എനര്‍ജി. റിലയന്‍സ് അടുത്തിടെ എണ്ണ വിലയിൽ നേരിയ കുറവ് വരുത്തിയതിനുപിന്നാലെയാണ് നയാരയുടെ തീരുമാനം.
രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകുന്നതിന്റെ ഭാഗമായാണ് വില കുറക്കുന്നതെന്ന് നയാര എനര്‍ജി അറിയിച്ചു. നയാരയുടെ പമ്പുകളില്‍ ലിറ്ററിന് ഒരു രൂപയുടെ കുറവാണ് പ്രഖ്യാപിച്ചത്. ജൂണ്‍ മാസം തീരുന്നതുവരെ ഈ ആനുകൂല്യം ലഭിക്കും.
ഇന്ധനത്തിന്റെ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും കമ്പനി അറിയിച്ചു. അതേസമയം, പൊതുമേഖല എണ്ണ വിതരണ കമ്പനികളായ ഐ.ഒ.സിയുടെയും ബി.പി.സി.എല്ലിന്റെയും എച്ച്.പി.സി.എല്ലിന്റെയും പമ്പുകളില്‍ നിലവിലെ വില തുടരും. രാജ്യത്ത് ആകെ 86,925 പമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
ഇതിൽ ഏഴ് ശതമാനത്തിലധികം പമ്പുകൾ നയാരയുടെ ഉടമസ്ഥതയിലുള്ളതാണ്. മേയ് ആദ്യവാരം ജിയോ-ബി.പി ഇന്ധനത്തിന്റെ വില കുറച്ചിരുന്നു.