ഇന്റർനാഷണൽ എജ്യുക്കേഷൻ: ഗെയിം ചേഞ്ചർ ആയി കാനഡയുടെ പുതിയ ഇംഗ്ലീഷ് പരീക്ഷാ നയം
May 30, 2023 0 By BizNews- ഐഇഎൽടിഎസ് നടത്തിപ്പിന്റെ ഉടമസ്ഥത കൈയാളുന്ന ഐഡിപി എജ്യുക്കേഷന്റെ അപ്രമാദിത്വത്തിന് കനത്ത വെല്ലുവിളി
- ഐഡിപിയുടെ സുതാര്യതയിൽ എന്നും സംശയം
ഐഇഎൽടിഎസിന് പുറമെ പുതിയ 4 ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾക്ക് കൂടി കാനഡ അംഗീകാരം നൽകിയതോടെ അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മേഖലയിലെ യോഗ്യതാ പരീക്ഷകളുടെ കാര്യത്തിൽ വലിയ മാറ്റങ്ങളാവും സംഭവിക്കുക. ലോകത്ത് ഏറ്റവുമധികം പരീക്ഷാർത്ഥികൾ എഴുതുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റായ ഐഇഎൽടിഎസിന്റെ അപ്രമാദിത്വത്തിന് വലിയ വെല്ലുവിളിയാണ് ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൻഷിപ്പ് കാനഡയുടെ പുതിയ തീരുമാനം. എന്നാൽ അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും ഈ രംഗത്തെ മികവുയർത്താനും പര്യാപ്തമാണ് പുതിയ തീരുമാനമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. CELPIP General, CAEL, PTE Academic, TOEFL iBT Test എന്നീ നാല് പരീക്ഷകളുടെ ഫലങ്ങളാണ് 2023 ഓഗസ്റ്റ് 10 മുതൽ IRCC സ്വീകരിച്ചു തുടങ്ങുന്നത്.
ഐഡിപി എജ്യുക്കേഷൻ, ബ്രിട്ടിഷ് കൗൺസിൽ, കേംബ്രിഡ്ജ് അസസ്മെൻറ് ഇംഗ്ലീഷ് എന്നിവർ സംയുക്തമായി നടത്തുന്ന ഐഇഎൽടിഎസ് ആണ് ലോകത്ത് ഏറ്റവുമധികം പരീക്ഷാർത്ഥികൾ എഴുതുന്ന ഇംഗ്ലീഷ് ഭാഷാ പരീക്ഷ. ആഗോളതലത്തിൽ സർവകലാശാലകൾ, ഇമിഗ്രേഷൻ ഓഫീസുകൾ, തൊഴിൽദായകർ എന്നിവയടക്കം 11,000 ൽ അധികം സ്ഥാപനങ്ങൾ ഭാഷാ മികവിൻ്റെ മാനദണ്ഡമായി ഐഇഎൽടിഎസ് സ്കോർ പരിഗണിക്കുന്നു. പ്രതിവർഷം 30 ലക്ഷത്തിലേറെ പേരാണ് ഐഇഎൽടിഎസ് പരീക്ഷ എഴുതുന്നത്. ഇന്ത്യയിലെ ഐഇഎൽടിഎസ് നടത്തിപ്പിന്റെ ഉടമസ്ഥത കൈയാളുന്നത് ഓസ്ട്രേലിയ ആസ്ഥാനമായ ഐഡിപി എജ്യുക്കേഷൻ ലിമിറ്റഡാണ്. 2021ൽ ബ്രിട്ടീഷ് കൗൺസിലിൽ നിന്ന് 130 മില്യൺ പൗണ്ടിന് ഐഇഎൽടിഎസിന്റെ ഉടമസ്ഥാവകാശം ഐഡിപി എജ്യുക്കേഷൻ ഏറ്റെടുത്തിരുന്നു.
ഐഡിപിയുടെ ഐഇഎൽടിഎസ് ഏറ്റെടുക്കലിനെതിരെ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയൻ എജ്യുക്കേഷൻ റെപ്രസെന്റേറ്റിവ്സ് ഇൻ ഇന്ത്യ ഉൾപ്പെടെ എജ്യുക്കേഷൻ ഏജന്റുമാർ രംഗത്ത് വന്നിരുന്നു. ഐഇഎൽടിഎസ് ലഭ്യമായ 140 ഓളം രാജ്യങ്ങളിൽ 70 ലധികം ഇടങ്ങളിൽ ബ്രിട്ടീഷ് കൗൺസിലോ ഐഡിപിയോ മാത്രമാണ് ഐഇഎൽടിഎസിന്റെ വിതരണക്കാർ എന്നത് എജ്യുക്കേഷൻ ഏജന്റുമാർ ചൂണ്ടിക്കാട്ടിയിരുന്നു. ഐഡിപി ഓഹരി വിപണിയിൽ ലിസ്റ്റു ചെയ്തിരിക്കുന്നതും ഓഹരി ഉടമകളുടെ ലാഭത്തിനായി പ്രവർത്തിക്കുന്നതുമായ സ്വകാര്യ കമ്പനിയും അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസിയും കൂടിയാണെന്നതുകൊണ്ട് ഏറ്റെടുക്കൽ അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയിലെ സുതാര്യതയെ ബാധിക്കുമെന്നും വിമർശനമുണ്ടായി. ഐഇഎൽടിഎസ് പരീക്ഷകളുടെ നടത്തിപ്പ് ഐഡിപി നിയന്ത്രിക്കുന്നതിനാൽ രജിസ്റ്റർ ചെയ്യുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും വിവരങ്ങൾ ഐഡിപിക്ക് മാത്രമായി ലഭ്യമാകും എന്നതായിരുന്നു വിമർശനത്തിന്റെ കാതൽ. എന്നാൽ ഐഇഎൽടിഎസും ഐഡിപിയുടെ സ്റ്റുഡന്റ് പ്ലേസ്മെന്റ് ടീമുകളും തമ്മിൽ കാൻഡിഡേറ്റ് ഡാറ്റ പങ്കിടുന്നില്ലെന്ന വിശദീകരണമാണ് ഐഡിപി നൽകിയത്.
ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൻഷിപ്പ് കാനഡയുടെ പുതിയ തീരുമാനത്തെ തുടർന്ന് ഐഡിപി എജ്യുക്കേഷന് ഓഹരി വിപണിയിൽ വലിയ തിരിച്ചടി നേരിട്ടു. ഐഇഎൽടിഎസിന്റെ വലിയ വിപണികളിലൊന്നായ കാനഡയിലെ ഉന്നത വിദ്യാഭ്യാസ-കുടിയേറ്റ മേഖലയിൽ കമ്പനിയുടെ കുത്തക നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന സൂചനയാണ് ഓഹരി വിറ്റൊഴിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ഒറ്റ ദിവസം കൊണ്ട് ഓഹരി വില 14% ഇടിഞ്ഞ് 1.1 ബില്യൺ ഡോളറിന്റെ മൂല്യശോഷണം കമ്പനിക്കുണ്ടായി. ഐഡിപി എജ്യുക്കേഷന് കനേഡിയൻ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീമിന് (SDS) കീഴിലുള്ള അപേക്ഷകരിൽ 30 ശതമാനമെങ്കിലും നഷ്ടമാകുമെന്ന് മോർഗൻ സ്റ്റാൻലിയും ഗോൾഡ്മാൻ സാച്സും വിലയിരുത്തുന്നു.
ഇംഗ്ലീഷ് ഭാഷാ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ രാജ്യങ്ങൾ കാനഡയുടെ മാതൃക പിന്തുടരുമെന്ന സൂചനകളും ശക്തമാണ്. ഐഡിപി എജ്യുക്കേഷന്റെ വരുമാനത്തിൽ പ്രധാന പങ്ക് സംഭാവന ചെയ്യുന്നത് ഐഇഎൽടിഎസ് ലാംഗ്വേജ് ടെസ്റ്റിങ്ങ് ആണ്. കനേഡിയൻ ഗവണ്മെന്റിന്റെ പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ഐഡിപിയുടെ ഇന്ത്യൻ വിപണിയിലെ കുത്തകക്ക് കനത്ത വെല്ലുവിളി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.