മ്യൂച്വല്‍ ഫണ്ടുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 85 ലക്ഷം മില്ലേനിയല്‍സിനെ ചേര്‍ത്തു

May 6, 2023 0 By BizNews

ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ ഏജന്‍സിയായ കമ്പ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ് (സിഎഎംഎസ്) പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ (2019- 2023 സാമ്പത്തിക വര്‍ഷം) 84.8 ലക്ഷം പുതിയ മില്ലേനിയല്‍ (1980 കളുടെ തുടക്കത്തിനും 1990 കളുടെ അവസാനത്തിനും ഇടയില്‍ ജനിച്ച വ്യക്തി) നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലേക്ക് പ്രവേശിച്ചു. “ചാഞ്ചാട്ടവും അനിശ്ചിതത്വവും ഉണ്ടായിരുന്നിട്ടും, നിക്ഷേപകരുടെ ആത്മവിശ്വാസം തുടരുന്നു. മില്ലേനിയലുകള്‍, സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗമായി മ്യൂച്വല്‍ ഫണ്ടുകളെ മാറ്റുന്നു,” റിപ്പോര്‍ട്ട് പറഞ്ഞു.

മില്ലേനിയല്‍ നിക്ഷേപകരില്‍ 30 ശതമാനം സ്ത്രീകളാണ്.കൂടാതെ, ഇക്വിറ്റി സ്‌കീമുകളിലെ എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) ആണ് മില്ലേനിയല്‍ നിക്ഷേപകരില്‍ മൂന്നില്‍ രണ്ട് പേരും തെരഞ്ഞെടുക്കുന്നത്. മൂന്നിലൊന്ന് പേര്‍ക്കും ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ബോധ്യമുണ്ട്.

പ്രാരംഭ നിക്ഷേപമായി 51 ലക്ഷം എസ്‌ഐപികളും അഞ്ച് വര്‍ഷത്തിനിടെ 1.03 കോടി എസ്‌ഐപികളുമാണ് ചേര്‍ത്തത്. മൊത്തം 5.3 കോടി എസ്‌ഐപികളില്‍ 29 ശതമാനം. 2018-19 നും 2022-23 നും ഇടയില്‍ 1.57 കോടി പുതിയ നിക്ഷേപകര്‍ വ്യവസായത്തില്‍ ചേര്‍ന്നതായി കാംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.