ഇന്ത്യന്‍ വംശജനായ അജയ് ബാംഗ അടുത്ത ലോകബാങ്ക് പ്രസിഡന്‍റ്
May 3, 2023 0 By BizNewsവാഷിംഗ്‌ടൺ: ഇന്ത്യൻ വംശജനും മുൻ മാസ്റ്റർകാർഡ് സിഇഒ അജയ് ബാംഗയെ ലോക ബാങ്കിന്‍റെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്തു. ലോക ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത മാസം രണ്ടിന് അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്‍റായി ചുമതലയേല്‍ക്കും. അമേരിക്കയുടെ നോമിനിയായാണ് ബാംഗ സ്ഥാനത്തെത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.
അജയ് ബാംഗയോടൊപ്പം പ്രവർത്തിച്ച് മുന്നോട്ടുപോകുമെന്ന് ലോക ബാങ്ക് ബോർഡ് അറിയിച്ചത്. 25 അംഗ എക്സിക്യുട്ടീവ് ബോർഡ് വോട്ടെടുപ്പിലൂടെയാണ് അജയ് ബാംഗയെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്തത്.
മാസ്റ്റർകാർഡ് സിഇഒ ആയിരുന്നു അറുപത്തിമൂന്നുകാരനായ അജയ് ബാംഗ. ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ നാമനിർദേശം ചെയ്തത്. ബാംഗ മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.
അജയ് ബംഗ എന്നറിയപ്പെടുന്ന അജയ്പാൽ സിംഗ് ബംഗ 1959 നവംബർ 10 ന് പൂനെയിലാണ് ജനിച്ചത്. 1981-ൽ നെസ്‌ലെയിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്.
13 വർഷം കമ്പനിയുടെ സെയിൽസ്, മാർക്കറ്റിംഗ്, ജനറൽ മാനേജ്‌മെന്റ് വിഭാഗങ്ങളിൽ ജോലി ചെയ്തു. 2010 മുതൽ മാസ്റ്റർകാർഡിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ബംഗ ചുമതലയേറ്റു.
2021 ഡിസംബറിൽ, മാസ്റ്റർകാർഡിന്റെ തലവനായി 12 വർഷത്തിനുശേഷം, അദ്ദേഹം സിഇഒ സ്ഥാനത്തുനിന്ന് വിരമിച്ചു. 2022 ജനുവരി 1-ന് ജനറൽ അറ്റ്ലാന്റിക് വൈസ് ചെയർമാനായി അദ്ദേഹം ചുമതലയേറ്റു.
2012-ൽ ഫോറിൻ പോളിസി അസോസിയേഷൻ മെഡൽ, 2016-ൽ ഇന്ത്യൻ പ്രസിഡന്റിന്റെ പത്മശ്രീ അവാർഡ്, എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ, 2019-ൽ ബിസിനസ് കൗൺസിൽ ഫോർ ഇന്റർനാഷണൽ അണ്ടർസ്റ്റാൻഡിംഗിന്റെ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് എന്നിവയും ബംഗയ്ക്ക് ലഭിച്ചിട്ടുണ്ട്.