വിപണിയില്‍ നേട്ടം തുടരുന്നു; നിഫ്റ്റി 18150 ന് അരികെ, 240 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്
May 2, 2023 0 By BizNewsമുംബൈ: ചൊവ്വാഴ്ച ഇന്ത്യന്‍ ഓഹരികള്‍ മുന്നേറി. മികച്ച മാര്‍ച്ച് പാദ പ്രവര്‍ത്തനഫലങ്ങളാണ് തുണയായത്. അതേസമയം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് തീരുമാനം അടുത്ത ദിവസം ഗതി നിര്‍ണ്ണയിക്കും.
സെന്‍സെക്‌സ് 0.4 ശതമാനം ഉയര്‍ന്ന് 61354.71 ലെവലിലും നിഫ്റ്റി 0.46 ശതമാനം അഥവാ 82.65 പോയിന്റുയര്‍ന്ന് 18147.65 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 13 പ്രധാന മേഖലാ സൂചികകളില്‍ 12 എണ്ണം മുന്നേറിയപ്പോള്‍ ഉയര്‍ന്ന വെയ്‌റ്റേജ് ഫിനാന്‍ഷ്യല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓഹരികള്‍ യഥാക്രമം 0.5 ശതമാനവും 1 ശതമാനവും നേട്ടമുണ്ടാക്കി. ഓഹരികളില്‍ ഒഎന്‍ജിസി, ടെക് മഹീന്ദ്ര,എച്ച്ഡിഎഫ്‌സി ലൈഫ്, എന്‍ടിപിസി,ഹിന്‍ഡാല്‍കോ,ടാറ്റ സ്റ്റീല്‍,മാരുതി, ഇന്‍ഫോസിസ്, ടാറ്റ കണ്‍സ്യൂമര്‍, യുപിഎല്‍ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്.
ഹീറോ മോട്ടോകോര്‍പ്, സണ്‍ ഫാര്‍മ, അള്‍ട്രാടെക് സിമന്റ്, ഭാരതി എയര്‍ടെല്‍,കോടക് ബാങ്ക്,ബ്രിട്ടാനിയ,ടാറ്റ മോട്ടോഴ്‌സ്,അപ്പോളോ ഹോസ്പിറ്റല്‍ എന്നിവ കനത്ത നഷ്ടം നേരിട്ടു.ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.63 ശതമാനവും മിഡ്ക്യാപ് 0.74 ശതമാനവുമാണ് ഉയര്‍ന്നത്. ബെഞ്ച്മാര്‍ക്ക് നിഫ്റ്റി 50 സൂചിക ഏപ്രിലില്‍ 4 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു.
2022 നവംബറിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞയാഴ്ച 2.5 ശതമാനം നേട്ടം കൈവരിച്ച സൂചിക വെള്ളിയാഴ്ച അഞ്ച് മാസത്തിനിടെ ആദ്യമായി അമിത വാങ്ങല്‍ ഘട്ടത്തിലേയ്ക്ക് നീങ്ങി. ” നിഫ്റ്റി 17,820 ലെവലിന് താഴെ എത്തുന്നതുവരെ ഓരോ ഇടിവും വാങ്ങാനുള്ള അവസരമായിരിക്കും,” ചോയ്‌സ് ബ്രോക്കിംഗിലെ ഇക്വിറ്റി റിസര്‍ച്ച് അനലിസ്റ്റ് ദേവന്‍ മെഹത പറയുന്നു.
നിഫ്റ്റി 18,200 ലെവലിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിലെ റീട്ടെയില്‍ റിസര്‍ച്ച് മേധാവി സിദ്ധാര്‍ത്ഥ ഖേംഖ പറഞ്ഞു.
“ശക്തമായ എഫ്‌ഐഐ വാങ്ങല്‍, വിപണിയെ സപ്പോര്‍ട്ട് ലെവലുകള്‍ക്ക് മുകളില്‍ നിലനിര്‍ത്തും.”വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തങ്ങളുടെ വാങ്ങല്‍ കഴിഞ്ഞവെള്ളിയാഴ്ചയും തുടര്‍ന്നു. 33.04 ബില്യണ്‍ രൂപയുടെ ഓഹരികളാണ് അവര്‍ കൂട്ടിച്ചേര്‍ത്തത്.