പെട്രോള്‍ വില ഒരു രൂപ കുറഞ്ഞേക്കും; വിപണി വിലയ്ക്ക് വിൽപ്പനയ്‌ക്കൊരുങ്ങി സ്വകാര്യ കമ്പനികള്‍
May 1, 2023 0 By BizNewsഹൈദരാബാദ്: റിലയന്സും നയാര എനര്ജിയും പെട്രോളും ഡീസലും വിപണി വിലയ്ക്ക് നല്കാന് തീരുമാനിച്ചു. ഒരു വര്ഷത്തിനിടെ ഇതാദ്യമായാണ് സ്വകാര്യ ചില്ലറ വിതരണക്കാര് വിപണിയില് വിലകുറയ്ക്കാന് തയ്യാറായത്. ഇതോടെ റിലയന്സിന്റെ തിരഞ്ഞെടുത്ത പമ്പുകളില് പെട്രോളിന് ഒരു രൂപവരെ കുറവുണ്ടാകും.
അന്താരാഷ്ട്ര വിപണിയില് അസംസ്കൃത എണ്ണവില ബാരലിന് 78 ഡോളര് നിലവാരത്തിലെത്തിയതോടെയാണ് വിപണി വിലയില് പെട്രോളും ഡീസലും വില്ക്കാന് സ്വകാര്യ കമ്പനികള് തീരുമാനിച്ചത്.
അതേസമയം, വിപണിയിലെ വിലക്കുറവ് ഡീസല് വിലയില് പ്രതിഫലിച്ചേക്കില്ല. നിലവില് റിലയന്സ് പ്രീമിയം നിലവാരത്തിലുള്ള ഡീസലാണ് വിപണിയിലെത്തിക്കുന്നത്.
രാജ്യത്ത ഇന്ധന വിപണനമേഖലയില് 90 ശതമാനം വിഹിതവും പൊതുമേഖല സ്ഥാപനങ്ങള്ക്കാണ്. അതുകൊണ്ടുതന്നെ വിലയില് മത്സരിക്കാന് സ്വകാര്യ കമ്പനികള്ക്ക് കഴിയുമായിരുന്നില്ല. ആഗോള വിപണിയില് എണ്ണ വില ഉയര്ന്നപ്പോള് കനത്ത നഷ്ടംനേരിട്ടാണ് ഇവര് വിപണിയില് പിടിച്ചുനിന്നത്.
പൊതുമേഖല സ്ഥാപനങ്ങളായ ബപിസിഎല്, എച്ച്പിസിഎല്, ഐഒസി എന്നിവയേക്കാള് താരതമ്യേന ഉയര്ന്ന നിരക്ക് ഈടാക്കിയിട്ടും സ്വകാര്യ കമ്പനികള്ക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നിരുന്നു.
ഒരു മാസത്തിലേറെയായി ആഗോള വിപണിയില് എണ്ണ വിലയില് ഇടിവുണ്ടായതാണ് സ്വകാര്യ കമ്പനികള്ക്ക് നേട്ടമായത്. പൊതുമേഖല സ്ഥാപനങ്ങളുടെ വില്പന ചെലവിന് സമാനമാകാന് ഇത് ഇടയാക്കിയതായി വിപണി വൃത്തങ്ങള് പറയുന്നു.
ഇതോടെ പൊതുമേഖല സ്ഥാപനങ്ങളും പെട്രോള്, ഡീസല് വിലയില് കുറവുവരുത്തുമെന്ന പ്രതീക്ഷ ഉയര്ന്നിട്ടുണ്ടെങ്കിലും നേരത്തെയുണ്ടായ നഷ്ടം നികത്താന് തല്ക്കാലം നിരക്ക് കുറച്ചേക്കില്ലെന്നാണ് വിലയിരുത്തല്.