ശരിയായ വിവരം ലഭിക്കുന്നതിനും റണ്‍വേ വ്യക്തമായി കാണുന്നതിനും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ദൃഷ്ടി
September 18, 2018തിരുവനന്തപുരം: പൈലറ്റുമാര്‍ക്ക് റണ്‍വേ വ്യക്തമായി കാണുന്നതിനും കാലാവസ്ഥയെക്കുറിച്ചുളള ശരിയായ വിവരം ലഭിക്കുന്നതിനും തിരുവനന്തപുരം വിമാനത്താവളത്തില്‍ ദൃഷ്ടിയെന്ന ട്രാന്‍സ്മിസോമീറ്റര്‍ ഉപകരണം സ്ഥാപിക്കുന്നു. ഏതു കാലാവസ്ഥയിലും സുഗമമായി വിമാനമിറക്കാന്‍ ഇതോടെ കഴിയും.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പും നാഷണല്‍ എയറോനോട്ടിക് ലാബും സംയുക്തമായാണ് ദൃഷ്ടി നിര്‍മിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുളള ഓട്ടോമേറ്റഡ് വെതര്‍ സംവിധാനത്തോടൊപ്പമാണ് (ആവോസ്) ഇതു സ്ഥാപിക്കുന്നത്. വിമാനത്താവളങ്ങളിലെ കാലാവസ്ഥ ഉപകരണങ്ങളുടെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദൃഷ്ടി സ്ഥാപിക്കുന്നത്. രണ്ടാംഘട്ടത്തില്‍ ലേസര്‍ സീലോമീറ്ററും സ്ഥാപിക്കും. മഴ മേഘങ്ങള്‍ റണ്‍വേയുടെ കാഴ്ചമറയ്ക്കുന്നത് ഒഴിവാക്കാന്‍ ലേസര്‍ സീലോമീറ്ററിന് കഴിയും.
വിമാനത്താവളങ്ങളിലുള്ള കാലാവസ്ഥ ഉപകരണങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ദൃഷ്ടി സ്ഥാപിക്കുന്നതെന്നു അധികൃതര്‍ വ്യക്തമാക്കി. രാജ്യാന്തര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡമനുസരിച്ച് ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനം ഉളള വിമാനത്താവളങ്ങളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുക. വിമാനമിറങ്ങുന്ന വളളക്കടവ് ഭാഗത്തെ റണ്‍വേ 32 എന്ന ഭാഗത്ത് 1.8 ലക്ഷം ചെലവാക്കിയാണ് ദൃഷ്ടി യാഥര്‍ഥ്യമാക്കുന്നത്. പൈലറ്റുമാര്‍ക്ക് ഉപകരണങ്ങളുടെ സഹായമില്ലാതെ 800 മീറ്റര്‍ ദൂരെ വച്ച് കണ്ണുകള്‍ കൊണ്ട് റണ്‍വേ കൃത്യമായി കാണാന്‍ കഴിയണം. ഇതിന് ദൃഷ്ടിയോടൊപ്പമുള്ള റണ്‍വേ വിഷ്വല്‍ റെയ്ഞ്ച് വ്യക്തമായ ചിത്രം നല്‍കും. റണ്‍വേയില്‍ നിന്ന് 120 മീറ്റര്‍മാറി വിമാനം വന്നിറങ്ങുന്ന ടച്ച് ടൗണ്‍ സോണില്‍ 300 മീറ്റര്‍ ഉളളിലാണ് ഈ ഉപകരണം സ്ഥാപിക്കുന്നത്.
പുതുതായി സ്ഥാപിക്കുന്ന ഉപകരണത്തില്‍ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി പറന്നിറങ്ങുന്നതിനും ഉയരുന്നതിനുമുളള അളവുകോലുകളായ അന്തരീക്ഷ മര്‍ദ്ദം, കാറ്റിന്റെ ഗതി,വിസിബിലിറ്റി, താപം, ഹുമിഡിറ്റി എന്നിവയെക്കുറിച്ചുളള വിവരങ്ങള്‍ നല്‍കും. ഇതനുസരിച്ചാണ് വിമാനങ്ങള്‍ പുറപ്പെടുകയും ഇറങ്ങുകയും ചെയ്യുക. സെപ്റ്റംബര്‍ അവസാനത്തോടെ ഉപകരണം സ്ഥാപിക്കാനുളള ജോലികളാരംഭിക്കും.