കുതിപ്പിൽ നാളികേരോത്പന്നങ്ങൾ

May 20, 2025 0 By BizNews

നാളികേരോത്പന്നങ്ങളുടെ വില സർവകാല റിക്കാർഡിൽ, രാജ്യാന്തര തലത്തിൽ കൊപ്രയും വെളിച്ചെണ്ണയും രൂക്ഷമായ ചരക്ക് ക്ഷാമത്തിൽ.

ആഗോള നാളികേരോത്പന്ന വിപണി ശക്തമായ തലങ്ങളിലേക്ക് ചുവടുവയ്ക്കുന്നു. മുഖ്യ ഉത്പാദക രാജ്യങ്ങളിൽ തേങ്ങയ്ക്ക് അനുഭവപ്പെട്ട കടുത്ത ക്ഷാമം വ്യവസായ മേഖലയെ വില ഉയർത്തി ചരക്ക് സംഭരിക്കാൻ പ്രേരിപ്പിച്ചു. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ലഭ്യത കുറവാണ്. ഉത്പാദനത്തിൽ മുൻനിരയിലുള്ള ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല.

കേരം തിങ്ങും കേരളനാട്ടിൽ നാളികേരത്തിനായി ചെറുകിട മില്ലുകാർ പരക്കംപായുമ്പോൾ പാചക ആവശ്യങ്ങൾക്കുള്ള തേങ്ങയുടെ വില കുതിച്ചത് കുടുംബ ബജറ്റ് താറുമാറാക്കുന്നു. ചെറുകിട വിപണികളിൽ പച്ചത്തേങ്ങ കിലോഗ്രാമിന് 70 രൂപയിലേക്ക് കയറി. പ്രദേശിക തേങ്ങ വാങ്ങി നാടൻ വെളിച്ചെണ്ണ വിപണിയിൽ ഇറക്കുന്ന സംസ്ഥാനത്തെ ചെറുകിട മില്ലുകാർ കടുത്ത പ്രതിസന്ധിയിലാണ്.

ഉയർന്ന വിലയ്ക്ക് ശേഖരിക്കുന്ന തേങ്ങ കൊപ്രയാക്കി ആട്ടുമ്പോൾ വെളിച്ചെണ്ണ വില 350ലേക്ക് ചുവടുവയ്ക്കും. ഇത്ര ഉയർന്ന വിലയ്ക്ക് ആവശ്യക്കാർ കുറഞ്ഞത് ഉത്പാദനം ചുരുക്കാൻ മില്ലുകാരെ നിർബന്ധിതരാക്കി.

കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും നാളികേരത്തിന് ആവശ്യക്കാരുണ്ട്. വിളവെടുപ്പ് പുരോഗമിക്കുന്ന തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം വിളവ് ചുരുങ്ങിയസ്ഥിതി വിട്ടുമാറാൻ മാസങ്ങൾതന്നെ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.