ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയും

ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയും

May 9, 2025 0 By BizNews

ന്യൂഡൽഹി: ഇന്ത്യ–യുകെ വ്യാപാരക്കരാർ യാഥാർഥ്യമാകുന്നതോടെ ബ്രിട്ടനിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഇവിടെയും ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ബ്രിട്ടനിലും വില കുറയും.

കുറഞ്ഞ വില ഡിമാൻഡ് കൂട്ടുമെന്നതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും കുതിച്ചുയരും. ബ്രിട്ടനിൽ നിന്നുള്ള വിസ്കി, ജിൻ എന്നിവയുടെ തീരുവ ഇന്ത്യ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയ്ക്കും.

അടുത്ത 10 വർഷത്തിനുള്ളിൽ ഇത് 40 ശതമാനമായി കുറയും. ബ്രിട്ടനിൽ നിന്നുള്ള വാഹന ഇറക്കുമതി തീരുവ 100 ശതമാനമായിരുന്നതു പരിമിതമായ ക്വോട്ട അടിസ്ഥാനത്തിൽ 10 ശതമാനമായി ഇന്ത്യ കുറയ്ക്കും.

ചുരുക്കത്തിൽ ബ്രിട്ടിഷ് വിസ്കി, ജിൻ, വാഹനങ്ങൾ എന്നിവയുടെ വില ഇന്ത്യയിൽ കുറയും. ബ്രിട്ടനിൽ നിന്നുള്ള സൗന്ദര്യവർധകവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, മെഷിനറി, ആട്ടിറച്ചി, സാൽമൺ മത്സ്യം, ശീതള പാനീയങ്ങൾ, ചോക്ലേറ്റ്, ബിസ്കറ്റുകൾ എന്നിവയുടെ തീരുവ കുറയ്ക്കുമെന്നതിനാൽ ഇവയുടെയും വില കുറയും.

ഇന്ത്യയുടെ തീരുവ കുറയ്ക്കൽ വഴി ആദ്യ വർഷം തന്നെ 4,513 കോടി രൂപയുടെ ലാഭം കമ്പനികൾക്കുണ്ടാകുമെന്നാണ് ബ്രിട്ടിഷ് സർക്കാരിന്റെ വിലയിരുത്തൽ. ഇന്ത്യയിൽ തൊഴിലാളികൾ വലിയ തോതിൽ തൊഴിലെടുക്കുന്ന ടെക്സ്റ്റൈൽസ്, സീഫുഡ്, തുകൽ, കളിപ്പാട്ടം, ജ്വല്ലറി, വാഹനഘടകനിർമാണം തുടങ്ങിയവയ്ക്ക് കരാർ പുതിയ ഉണർവ് നൽകും.

ഈ മേഖലകളിൽ കയറ്റുമതി വൻതോതിൽ കൂടുമെന്നാണ് പ്രതീക്ഷ.ടെക്സ്റ്റൈൽസ് മേഖലയിൽ വിയറ്റ്നാം, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ബ്രിട്ടനിൽ ഉയർന്ന സ്വീകാര്യത ലഭിക്കുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ അഭിപ്രായപ്പെട്ടു.