ഇവി വിൽപ്പന പുതിയ ഉയരങ്ങളിലേക്ക്

ഇവി വിൽപ്പന പുതിയ ഉയരങ്ങളിലേക്ക്

May 6, 2025 0 By BizNews

കൊച്ചി: ഇന്ത്യൻ വിപണിയില്‍ ഇലക്‌ട്രിക് വാഹന വില്‍പ്പന ആവേശത്തോടെ മുന്നോട്ടു നീങ്ങുന്നു. ഇരുചക്ര, മുച്ചക്ര, കാർ വിപണിയിലാണ് വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രിയമേറുന്നത്.

ഏപ്രിലില്‍ രാജ്യത്തെ മൊത്തം വൈദ്യുതി വാഹനങ്ങളുടെ വില്‍പ്പന 45 ശതമാനം ഉയർന്ന് 1,67,629 യൂണിറ്റുകളായി. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 40 ശതമാനം വർദ്ധിച്ച്‌ 91,860 വാഹനങ്ങളിലെത്തി.

മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന ഇക്കാലയളവില്‍ 49 ശതമാനം ഉയർന്ന് 62,529 യൂണിറ്റായി. ചെറു യാത്രാ വാഹനങ്ങളുടെയും ബസുകളുടെയും ഇ.വികളുടെ വില്‍പ്പനയിലും മികച്ച കുതിപ്പാണ് ദൃശ്യമാകുന്നത്.

ഇ.വി ഇരുചക്ര വില്‍പ്പന കുതിക്കുന്നു
ജപ്പാനിലെ പ്രമുഖരായ ഹീറോ മോട്ടോർകോർപ്പിനെ മറികടന്ന് ഹോണ്ടയും ടി.വി.എസും ബജാജും ഇരുചക്ര ഇ.വി വിപണിയില്‍ വൻ മുന്നേറ്റം നടത്തുകയാണ്.

ഇന്ത്യയിലെ പ്രതിമാസ ഇ.വി ഇരുചക്ര വില്‍പ്പന ഒരു ലക്ഷം യൂണിറ്റുകളിലേക്ക് നീങ്ങുകയാണ്. ഏപ്രിലില്‍ 91,791 യൂണിറ്റ് വൈദ്യുതി വാഹനങ്ങളാണ് ഇരുചക്ര വിപണിയില്‍ വിറ്റഴിച്ചത്.

ടി.വി.എ 19,736 വാഹനങ്ങളും ബജാജ് ഓട്ടോ 19,000 വാഹനങ്ങളും വില്‍പ്പന നടത്തി. ഒല ഇലക്‌ട്രിക് 19,700 വാഹനങ്ങളുമായി വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു.