യുഎസില്‍നിന്ന് ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നത് നിർത്താൻ ചൈന

യുഎസില്‍നിന്ന് ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നത് നിർത്താൻ ചൈന

April 17, 2025 0 By BizNews

ബെയ്ജിങ്: അമേരിക്കൻ വിമാനക്കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാൻ രാജ്യത്തെ വിമാനക്കമ്പനികള്‍ക്ക് നിർദേശം നല്‍കി ചൈന.

അമേരിക്കയില്‍നിന്ന് ബോയിങ് വിമാനങ്ങളോ വിമാനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികള്‍ വാങ്ങുന്നതും നിർത്തിവെക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തീരുവ ഉയർത്താനുള്ള യു.എസ് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിൻറെ തീരുമാനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം താറുമാറായ സാഹചര്യത്തിലാണ് ചൈനയുടെ നടപടി.

ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 145 ശതമാനമാക്കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയർത്തിയിരുന്നു. പിന്നാലെ യു.എസ്. ഉത്പന്നങ്ങള്‍ക്കുമേല്‍ ചൈന തിരിച്ച്‌ 125 ശതമാനം പകരച്ചുങ്കം ചുമത്തുകയും ചെയ്തിരുന്നു.

ഉയർന്ന തീരുവ കാരണമുള്ള വർധിച്ച ചെലവുകള്‍ നികത്താൻ ബോയിങ് വിമാനങ്ങള്‍ വാടകയ്ക്കെടുത്ത ചൈനീസ് എയർലൈൻ കമ്പനികളെ സാമ്പത്തികമായി സഹായിക്കാനും ചൈനയ്ക്ക് പദ്ധതിയുള്ളതായാണ് റിപ്പോർട്ടുകള്‍.

പുതിയ താരിഫുകള്‍ പ്രകാരം യുഎസ് നിർമിത വിമാനങ്ങളുടെയും പാർട്ട്സുകളുടെയും വില ഇരട്ടിയോളം വർധിക്കും. ഇത് ചൈനീസ് വിമാനക്കമ്പനികള്‍ക്ക് സാമ്പത്തീകമായി ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കണ്ടാണ് സഹായനടപടി.

അമേരിക്കയുടെ ഉയർന്ന തീരുവ ബോയിങ് വിമാനക്കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാണ്. ബോയിങ്ങിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. ബോയിങ് വിമാനങ്ങളുടെ ഏകദേശം 25 ശതമാനത്തോളം ചൈനയാണ് ഉപയോഗിക്കുന്നതെന്നാണ് കണക്ക്.