
ദേശീയപാതാ വികസനത്തിന് 10 ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കും: ഗഡ്കരി
April 15, 2025 0 By BizNews
ന്യൂഡല്‍ഹി: അടുത്ത രണ്ട് കൊല്ലം വടക്കുകിഴക്കൻ മേഖലകളില്‍ പ്രത്യേക ശ്രദ്ധകേന്ദ്രീകരിച്ച്, രാജ്യത്തുടന്നീളം ദേശീയപാതകളുടെ വികസനത്തിനായി പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി. പിടിഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വികസനം സാധ്യമാകുന്നതോടെ വടക്കുകിഴക്കൻ മേഖലകളിലെ ദേശീയപാതകള്‍ യു.എസിലെ റോഡുകളോട് കിടപിടിക്കുന്ന വിധത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ടുകൊല്ലത്തിനിടെ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യം ലോകത്തിലെ ഏറ്റവും മികച്ചതാക്കി മാറ്റാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
അതിർത്തിമേഖലകളിലെ റോഡ് വികസനത്തിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.
നിലവിലെ റോഡുകളുടെ അപര്യാപ്തത മൂലം അതിർത്തിമേഖലകളിലേക്കുള്ള ഗതാഗതത്തിന് പ്രയാസമനുഭപ്പെടുന്നുണ്ടെന്നും അക്കാരണത്താല്‍ ആ മേഖലകളിലെ റോഡ് വികസനം ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും ഗഡ്കരി പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ദ്രപ്രദേശ്, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ഡല്‍ഹി എന്നിവടങ്ങളില്‍ അടിസ്ഥാനസൗകര്യവികസനപ്രവർത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
784 ദേശീയപാതാപദ്ധതികളാണ് കിഴക്കൻ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 21,335 കിലോമീറ്റർ ദൂരംവരുന്ന ഈ പദ്ധതികള്‍ക്കായി 3,73,484 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
റോഡ് ഗതാഗതം-ദേശീയപാതാ മന്ത്രാലയത്തിന്റെ പദ്ധതികള്‍, നാഷണല്‍ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പദ്ധതികള്‍, ദ നാഷണല്‍ ഹൈവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കോർപറേഷൻറെ പദ്ധതികള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടും.
നിലവില്‍ അസമില്‍ 57,000 കോടി രൂപയുടെ പദ്ധതികളുടേയും ബിഹാറില്‍ 90,000 കോടിയുടെ പദ്ധതികളുടേയും നിർമാണപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഗഡ്കരി പറഞ്ഞു.
കൂടാതെ, ഝാർഖണ്ഡില്‍ 53,000 കോടിയുടേയും ഒഡിഷയില്‍ 58,000 കോടിയുടേയും പദ്ധതികള്‍ ഉടനെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസം ഒഴികെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ഇക്കൊല്ലംതന്നെ ഒരു ലക്ഷം കോടി രൂപയുടെ വികസനപദ്ധതി ആരംഭിക്കുമെന്നും ഗഡ്കരി പറഞ്ഞു.
നാഗ്പുരില്‍ 170 കോടി രൂപയുടെ മാസ് റാപിഡ് ട്രാൻസ്പോർട്ട് പൈലറ്റ് പ്രോജക്‌ട് പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
മലിനീകരണം ഉണ്ടാക്കാത്ത ഊർജസ്രോതസ് ഉപയോഗിക്കുന്ന 135 സീറ്റുള്ള ബസുകള്‍കൂടി പദ്ധതിയുടെ ഭാഗമാണ്. ഈ പദ്ധതി വിജയകരമായാല്‍ ഡല്‍ഹി-ജയ്പുർ മേഖല ഉള്‍പ്പെടെയുള്ള പ്രധാന റൂട്ടുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ഡ്-ഓപറേറ്റ്-ട്രാൻസ്ഫർ മാതൃകയിലാണ് ഈ പദ്ധതി. ദേശീയപാതാ ശ്യംഖലയുടെ ദൈർഘ്യം വർധിച്ചതായും 2014 മാർച്ചില്‍ 91,287 കിലോമീറ്ററില്‍നിന്ന് നിലവില്‍ 1,46,204 കിലോമീറ്ററായതായും മന്ത്രി വിശദമാക്കി.