2025 ലെ കേരള കയറ്റുമതി പ്രോത്സാഹന നയത്തിന് അംഗീകാരം
January 30, 2025 0 By BizNewsപ്രകൃതിവിഭവങ്ങള്‍, വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി, സാംസ്കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ്സ് അന്തരീക്ഷം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം കൊണ്ട് കയറ്റുമതി രംഗത്ത് വൻ കുതിച്ചു ചാട്ടം നടത്താൻ സംസ്ഥാനത്തെ പ്രാപ്തമാക്കുകയാണ് നയം ലകഷ്യമിടുന്നത്.
സംസ്ഥാനത്തെ കയറ്റുമതിക്കാര്‍ക്ക് അവസരങ്ങള്‍ മുതലെടുക്കാനും പുതിയ പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടുന്നതിനും ആഗോളതലത്തില്‍ തങ്ങളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തുന്നതിനും ഇതിലൂടെ അവസരമൊരുക്കും. ആത്യന്തികമായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നല്‍കുന്നത് ലക്ഷ്യമിട്ടാണ് നയരൂപീകരണം.
കയറ്റുമതി പ്രോത്സാഹന നയത്തിന്റെ ദൗത്യങ്ങള്‍:
സംസ്ഥാനത്തിന്റെ സ്വാഭാവികമായ പ്രത്യേകതകളെ ഉപയോഗിക്കുക. സമൃദ്ധമായ പ്രകൃതിവിഭവങ്ങള്‍, വൈദഗ്‌ധ്യമുള്ള തൊഴിലാളികള്‍, സമ്പന്നമായ സാംസ്കാരിക പൈതൃകം, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രസ്ഥാനം എന്നിങ്ങനെയുള്ള സവിശേഷശക്തികളെ കേരളം തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്യും.
തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ കയറ്റുമതി കേന്ദ്രങ്ങൾ സ്ഥാപിക്കാനും അതുവഴി കയറ്റുമതി സാധ്യതകള്‍ പരമാവധി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാർ ലക്ഷ്യമിടുന്നു. നിലവിലുള്ള കയറ്റുമതി യൂണിറ്റുകളുടെ മത്സരശേഷി മെച്ചപ്പെടുത്തുന്നതിന് നൈപുണ്യ വികസനവും ശേഷി വികസനവും പ്രോത്സാഹിപ്പിക്കും.
നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു:
വിവിധ മേഖലകളിലുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിച്ച് നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനും, വ്യവസായം, അക്കാദമിക് സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കിടയിലുള്ള സഹകരണം സുഗമമാക്കുന്നതിനും കയറ്റുമതി പ്രോത്സാഹന നയം ലക്ഷ്യമിടുന്നു.
ഇതുവഴി നൂതനമായ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ആഗോള വിപണി ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന അത്യാധുനിക ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വികസനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും.
സുസ്ഥിര സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു:
രാജ്യാന്തര വ്യാപാരത്തില്‍ സുസ്ഥിരതയുടെ പ്രാധാന്യവും ESG സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ദീര്‍ഘകാല നയ തീരുമാനവും തിരിച്ചറിഞ്ഞ് പരിസ്ഥിതി സൗഹൃദ രീതികള്‍ സ്വീകരിക്കുന്നതിന് ഊന്നല്‍ നല്‍കും.
അനുകൂല ആവാസവ്യവസ്ഥ:
കയറ്റുമതി അധിഷ്ഠിത ബിസിനസുകള്‍ക്ക് കരുത്തുറ്റതും പിന്തുണ നല്‍കുന്നതുമായ ഒരു ആവാസവ്യവസ്ഥ സ്ഥാപിക്കും. ഭരണപരമായ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതും വ്യാപാര സുഗമമാക്കല്‍ നടപടികള്‍ വര്‍ധിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമവും കാര്യക്ഷമവുമായ ചലനം ഉറപ്പാക്കുന്നതിന് ലോജിസ്റ്റിക്‌സ്, ഗതാഗതം, കണക്റ്റിവിറ്റി എന്നിവ ഉള്‍പ്പെടെയുള്ള ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
വളര്‍ച്ചയും വൈവിധ്യവല്‍ക്കരണവും:
പരമ്പരാഗത മേഖലകള്‍ക്കകത്തും പുറത്തുമുള്ള പുതിയ കയറ്റുമതി അവസരങ്ങളും സാധ്യതയുള്ള വിപണികളും സര്‍ക്കാര്‍ കണ്ടെത്തും. വിപണി പ്രവേശനം സുഗമമാക്കുക, വ്യാപാര ദൗത്യങ്ങള്‍ നടത്തുക, വ്യാപാര മേളകളില്‍ പങ്കെടുക്കുക, വിപണി ഗവേഷണത്തെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിടുന്നു.
കയറ്റുമതി പ്രോത്സാഹന നയം ഉയര്‍ന്ന വളര്‍ച്ചാ കയറ്റുമതി സാധ്യതയുള്ള മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും
സാമ്പത്തിക പ്രോത്സാഹനങ്ങള്‍:
കയറ്റുമതി ഇന്‍ഫ്രാസ്ട്രക്ചര്‍ പിന്തുണ: കോള്‍ഡ് സ്റ്റോറേജ് യൂണിറ്റുകള്‍, വെയര്‍ഹൗസിങ്, ലോജിസ്റ്റിക്‌സ് തുടങ്ങിയ കയറ്റുമതി അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് കയറ്റുമതിക്കാര്‍ക്ക് 1 കോടി രൂപയായി പരിമിതപ്പെടുത്തിയിട്ടുള്ള ഇന്‍ഫ്രാസ്മക്ചര്‍ നിക്ഷേപത്തിന്റെ 25% ഒറ്റത്തവണ സബ്സിഡി നല്‍കും.
കേന്ദ്രങ്ങള്‍, ടെസ്റ്റിങ് ലബോറട്ടറികള്‍. ട്രേഡ് ഇന്‍ഫ്രാസ്മക്ചര്‍ ഫോര്‍ എക്‌സ്‌പോര്‍ട്ട് സ്കീമിന് കീഴിലുള്ള സഹായം ലഭ്യമാക്കുന്നതിലെ വിടവ് നികത്തുന്നതിനുള്ള മാര്‍ഗമായി ഇത് സംസ്ഥാനത്തിനകത്തെ സ്ഥാപനങ്ങള്‍ക്ക് നല്‍കും. സംസ്ഥാനത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന യൂണിറ്റുകള്‍ക്ക് 3 വര്‍ഷത്തേക്ക് സൗജന്യ ഫ്രീ ഓണ്‍ബോര്‍ഡ് മൂല്യത്തിന്‍റെ (FOB) 1% ഇൻസെന്റീവ് നൽകും.
ലോജിസ്റ്റിക്സ് സഹായം: തുറമുഖങ്ങളിലെ ഗതാഗത ചാര്‍ജുകള്‍, ഹാന്‍ഡ്ലിങ് ചാര്‍ജുകള്‍ മുതലായവ ഉള്‍പ്പെടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ലോജിസ്റ്റിക് ചെലവുകളുടെ 50% റീഇംബേഴ്‌സ് മെന്റ്, സ്ഥാപനത്തിന്റെ ആദ്യ കയറ്റുമതി തിയതി മുതല്‍ 5 വര്‍ഷത്തേക്ക് പ്രതിവര്‍ഷം യൂണിറ്റിന് 15 ലക്ഷം എന്ന പരിധി.
കയറ്റുമതി വിപണന സഹായം: ദേശീയ രാജ്യാന്തര വ്യാപാര മേളകള്‍, എക്സിബിഷനുകള്‍, ബയര്‍-സെല്ലര്‍ മീറ്റുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിന് കയറ്റുമതിക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിവര്‍ഷം 2 ലക്ഷം രൂപ പരിധിയില്‍ 75% റീഇംബേഴ്സ്മെന്‍റ് വഴി സബ്സിഡികള്‍ നല്‍കും.
കയറ്റുമതി ഡോക്യമെന്റേഷന്‍ സഹായം:
രാജ്യാന്തര വ്യാപാര ചട്ടങ്ങള്‍ പാലിക്കുന്നതിന് ബന്ധപ്പെട്ട സര്‍ട്ടിഫിക്കേഷനുകള്‍, ഗുണനിലവാര പരിശോധന എന്നിവയുള്‍പ്പെടെ ചിലവുകള്‍ക്കായി, 2 വര്‍ഷത്തേക്ക് ഒരു യൂണിറ്റിന് പരമാവധി 2 ലക്ഷം രൂപയ്ക്ക് വിധേയമായി, ചെലവിന്‍റെ 50 ശതമാനം പരിധി വരെ സബ്സിഡി.
കയറ്റുമതി വികസന ഫണ്ട്:
വിപണി ഗവേഷണം, ഉല്‍പ്പന്ന വികസനം, ബ്രാന്‍ഡിങ്, പ്രൊമോഷണല്‍ പ്രവര്‍ത്തനങ്ങൾ എന്നിവയ്ക്കായി കയറ്റുമതിക്കാര്‍ക്ക് സാമ്പത്തിക സഹായവും സബ്‌സിഡിയും നല്‍കുന്നതിന് പ്രത്യേക ഫണ്ട് സ്ഥാപിക്കും.
കയറ്റുമതി ഗവേഷണവും മാര്‍ക്കറ്റ് ഇന്റലിജന്‍സും:
ഉയര്‍ന്നുവരുന്ന ട്രെന്‍ഡുകള്‍, ഇനിയും എത്തിച്ചേരാത്ത വിപണികള്‍, ഉല്‍പ്പന്നങ്ങളുടെ ആവശ്യകത എന്നിവ തിരിച്ചറിയുന്നതിന് ആഴത്തിലുള്ള മാര്‍ക്കറ്റ് ഗവേഷണത്തിനും വിശകലനത്തിനും ഒരു സ്ഥാപനത്തിന് 1 കോടി രൂപ വരെ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കും.
ഈ വിവരങ്ങള്‍ കയറ്റുമതിക്കാര്‍ക്ക് സബ്‌സിഡി നിരക്കിലോ കയറ്റുമതി ഉപദേശക സേവനങ്ങളുടെ ഭാഗമായോ ലഭ്യമാക്കാം.
സാമ്പത്തികേതര പ്രോത്സാഹനങ്ങള്‍:
കയറ്റുമതി പരിശീലനവും നൈപുണ്യ വികസനവും: കയറ്റുമതി നടപടിക്രമങ്ങള്‍, രാജ്യാന്തര വിപണനം, ഗുണനിലവാര മാനദണ്ഡങ്ങള്‍, വ്യാപാര ചട്ടങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കയറ്റുമതിക്കാരുടെ കഴിവുകളും അറിവും വര്‍ദ്ധിപ്പിക്കുന്നതിന് കയറ്റുമതിയുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍, വര്‍ക്ക് ഷോപ്പുകള്‍, നൈപുണ്യ വികസന സംരംഭങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
കയറ്റുമതി നൈപുണ്യ നവീകരണം:
കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളിലെ ജീവനക്കാര്‍ക്ക് നൈപുണ്യ നവീകരണവും പിന്തുണയും നല്‍കുക, ഉല്‍പ്പാദനക്ഷമതയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ പുതിയ കഴിവുകളും അറിവും നേടാന്‍ അവരെ പ്രാപ്തരാക്കുന്നു.
കയറ്റുമതി പാക്കേജിങ്:
പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ പാക്കേജിങ് സൊല്യൂഷനുകള്‍ ഉള്‍പ്പെടെ കയറ്റുമതി അധിഷ്ഠിത പാക്കേജിങ് മെച്ചപ്പെടുത്തുന്നതിന് പരിശീലനവും നൈപുണ്യ വികസന പിന്തുണയും നല്‍കും.
എന്‍എബിഎല്‍ അംഗീകൃത ലാബുകള്‍ സ്ഥാപിക്കല്‍:
നിലവിലുള്ള ലാബുകള്‍ നവീകരിച്ചും പിപിപി മോഡലുകളിലൂടെ തീരപ്രദേശങ്ങളില്‍ പുതിയ ലോകോത്തര ടെസ്റ്റിങ് ലാബുകള്‍ സ്ഥാപിച്ചും ഗുണനിലവാര പരിശോധനാ/ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തും.
കയറ്റുമതി ഇന്‍കുബേഷന്‍:
സ്റ്റാര്‍ട്ടപ്പുകള്‍ക്കും വളര്‍ന്നുവരുന്ന കയറ്റുമതിക്കാര്‍ക്കും സമഗ്രമായ പിന്തുണ നല്‍കുന്ന പ്രത്യേക കയറ്റുമതി ഇന്‍കുബേഷന്‍ കേന്ദ്രങ്ങൾ സ്ഥാപിക്കും.
കയറ്റുമതി ഉപദേശക സേവനങ്ങള്‍:
കയറ്റുമതിക്കാര്‍ക്ക് വ്യക്തിഗത മാര്‍ഗനിര്‍ദേശവും വിദഗ്ധ ഉപദേശവും നല്‍കുന്ന ഉപദേശക സേവന യൂണിറ്റ് സര്‍ക്കാര്‍ സ്ഥാപിക്കും. ഈ സേവനത്തിന് വിപണി ഗവേഷണം, കയറ്റുമതിതന്ത്ര വികസനം, റെഗുലേറ്ററി പാലിക്കല്‍, രാജ്യാന്തര വ്യാപാര ചര്‍ച്ചകള്‍ എന്നിവയില്‍ സഹായം നല്‍കാന്‍ കഴിയും.
ഗവേഷണവും വികസനവും (R&D):
ആഗോള വിപണിയിലെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഉല്‍പ്പന്ന നവീകരണം, സാങ്കേതിക നവീകരണം, പ്രക്രിയ മെച്ചപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ടുള്ള ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപം നടത്താന്‍ കയറ്റുമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്തുണ സേവനങ്ങള്‍ നല്‍കും.
മറ്റ് പ്രോത്സാഹനങ്ങള്‍:
ഡിജിറ്റല്‍ എക്സ്പോര്‍ട്ട് പ്ലാറ്റ്ഫോം: കയറ്റുമതിക്കാരെ ആഗോള ബയര്‍മാരുമായി ബന്ധിപ്പിക്കുകയും കയറ്റുമതി നടപടിക്രമങ്ങള്‍ ലളിതമാക്കുകയും വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വിപണി പ്രവണതകള്‍, ലോജിസ്റ്റിക്‌സ് പിന്തുണ എന്നിവയിലേക്ക് പ്രവേശനം നല്‍കുകയും ചെയ്യുന്ന സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സര്‍ക്കാര്‍ സൃഷ്ടിക്കും.
ഈ പ്ലാറ്റ്‌ഫോമിന് അതിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന കയറ്റുമതിക്കാര്‍ക്ക് സബ്‌സിഡികള്‍ അല്ലെങ്കില്‍ കിഴിവ് നിരക്കുകള്‍ വാഗ്ദാനം ചെയ്യാന്‍ കഴിയും. ഈ പോര്‍ട്ടല്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളുമായി സംയോജിപ്പിക്കും.
കയറ്റുമതി കണ്‍സോര്‍ഷ്യം: ചെറുകിട, ഇടത്തരം കയറ്റുമതിക്കാര്‍ അവരുടെ വിഭവങ്ങളും വൈദഗ്‌ധ്യവും സമാഹരിച്ച് അവസരങ്ങള്‍ ഒരുമിച്ച് പിന്തുടരുന്ന കയറ്റുമതി കണ്‍സോര്‍ഷ്യം അല്ലെങ്കില്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നത് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും.
കയറ്റുമതി കാര്‍ഡ്:
നിലവിലുള്ള സംസ്ഥാന സര്‍ക്കാര്‍ നയങ്ങളുടെയും ചട്ടങ്ങളുടെയും വ്യവസ്ഥകള്‍ക്ക് വിധേയമായി മുന്‍ഗണനാടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ ചെക്ക് ഗേറ്റുകളില്‍ നിന്ന് കയറ്റുമതി ചരക്ക് നേരത്തെ കടന്നുപോകുന്നതിന് നല്ല ട്രാക്ക് റെക്കോര്‍ഡുള്ള സംസ്ഥാനത്തെ കയറ്റുമതിക്കാര്‍ക്ക് കയറ്റുമതി കാര്‍ഡ് നല്‍കും.