ഫെബ്രുവരി 1 മുതൽ ചൈനയുടെമേൽ 10% ഇറക്കുമതി തീരുവ ചുമത്താൻ ട്രംപ്
January 23, 2025 0 By BizNewsന്യൂയോർക്ക്: അധികാരത്തിലെത്തിയാലുടൻ ചൈനയുടെമേല്‍ ഉയർന്ന ഇറക്കുമതിത്തീരുവ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം നടപ്പിലാക്കാൻ ഒരുങ്ങി ഡൊണാള്‍ഡ് ട്രംപ്. ഫെബ്രുവരി 1 മുതല്‍ ചൈനയ്ക്ക് 10 ശതമാനം തീരുവ ചുമത്താനാണ് നീക്കം.
മെക്സിക്കോയിലേക്കും കാനഡയിലേക്കും ചൈന ഫെൻ്റനില്‍ അയയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ചൈനയുടെ മോശം പെരുമാറ്റമാണ് ഉയർന്ന തീരുവ ചുമത്താൻ കാരണമെന്നും നീതി ലഭിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതിതീവ്രമായ വേദനയനുഭവിക്കുന്ന കാൻസർ രോഗികള്‍ക്ക് ആശ്വാസത്തിന് വേണ്ടി നല്‍കുന്ന മരുന്നാണ് ഫെന്റനില്‍. ഹെറോയിനേക്കാള്‍ 50 മടങ്ങും മോർഫിനേക്കാള്‍ 100 മടങ്ങും വീര്യമുള്ളതാണ് ഈ മരുന്ന്. എന്നാല്‍ ആരോഗ്യരംഗത്ത് ഉപയോഗിക്കുന്നതിനേക്കാള്‍ ഇതിനെ ലഹരിയാവശ്യത്തിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് അമേരിക്കയിലേക്ക് ലഹരിമരുന്ന് കടത്ത് നടക്കുന്നതെന്നാണ് ട്രംപ് ആരോപിക്കുന്നത്. രേഖകളില്ലാതെ കുടിയേറ്റക്കാരും മയക്കുമരുന്നും യുഎസിലേക്ക് ഒഴുകുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ 25% ഇറക്കുമതി നികുതി ചുമത്തുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, കാനഡക്കുമേല്‍ അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള നടപടിയുമായി യുഎസ് പ്രസിഡൻ്റ് മുന്നോട്ട് പോകാൻ തീരുമാനിച്ചാല്‍, കാനഡ പ്രതികരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. മറുപടിയായി യുഎസ്സിനെതിരെ തീരുവ ചുമത്താനൊരുങ്ങുകയാണെന്ന് കാനഡ സൂചന നല്‍കി.
ലോകത്ത് ഏറ്റവുംകൂടുതല്‍ ചരക്ക് ഇറക്കുമതിചെയ്യപ്പെടുന്ന രാജ്യമാണ് യു.എസ്. പുതിയ സെൻസസ് ഡേറ്റയനുസരിച്ച് മെക്സിക്കോ, ചൈന, കാനഡ എന്നീ രാജ്യങ്ങളാണ് യു.എസിലേക്ക് ഉത്പന്നങ്ങള്‍ കയറ്റിയയക്കുന്നതില്‍ മുൻപന്തിയിലുള്ളത്.
ട്രംപിന്റെ നടപടി ആഗോളതലത്തില്‍ പുതിയ വ്യാപാരയുദ്ധത്തിനു തുടക്കമിടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.