ആസ്തിയിൽ ആകെ 52,000 കോടി രൂപ നഷ്ടപ്പെട്ട് അംബാനിയും, അദാനിയും

ആസ്തിയിൽ ആകെ 52,000 കോടി രൂപ നഷ്ടപ്പെട്ട് അംബാനിയും, അദാനിയും

January 11, 2025 0 By BizNews

ന്ത്യയിലെ ഏറ്റവും ധനികരായ രണ്ട് വ്യക്തികളാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും, അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും. നിലവിൽ ഇരുവരുടെയും ആസ്തിമൂല്യത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

ബ്ലൂംബർഗ് ബില്യണയർ ഇൻഡെക്സ് ഡാറ്റ പ്രകാരം മുകേഷ് അംബാനിയുടെ ആസ്തിയിൽ 2.59 ബില്യൺ ഡോളറിന്റെയും, ഗൗതം അദാനിയുടെ സമ്പത്തിൽ 3.53 ബില്യൺ ഡോളറിന്റെയും കനത്ത ഇടിവാണുണ്ടായിരിക്കുന്നത്.

ഇത്തരത്തിൽ ഇരുവരുടെയും ആകെ ആസ്തി മൂല്യത്തിൽ 52,000 കോടി രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഓഹരി വിപണിയിലുണ്ടായ കനത്ത ഇടിവാണ് ഇരുവരുടെയും ആസ്തിമൂല്യം ചോരുന്നതിന് കാരണമായി മാറിയത്.

ഇന്ത്യയിൽ എച്ച്.എം.പി.വി വൈറസ് (Human Metapneumovirus) റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന വാർത്ത വിപണി സൂചികകളിൽ തകർച്ചയ്ക്ക് ഇടയാക്കിയിരുന്നു. ഈ വൈറസ് രണ്ട് കോടീശ്വരൻമാരുടെ ആസ്തിമൂല്യത്തെ എങ്ങനെ ബാധിച്ചു എന്നതാണ് ഇനി വിശകലനം ചെയ്യുന്നത്.

മുകേഷ് അംബാനിക്ക് നേരിട്ട തിരിച്ചടി
ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ആസ്തി 2.59 ബില്യൺ ഡോളർ അഥവാ 22,000 കോടി രൂപയുടെ താഴ്ച്ച നേരിട്ടു. ഇതോടെ അദ്ദേഹത്തിന്റെ ആസ്തി മൂല്യം 90.5 ബില്യൺ ഡോളർ എന്ന നിലയിലേക്ക് താഴ്ന്നു.

പുതുവർഷത്തിന്റെ തുടക്കം അംബാനിയെ സംബന്ധിച്ച് അത്ര ‘ശുഭകരമല്ല’ എന്നു പറയേണ്ടി വരും. 2025 വർഷത്തിന്റെ തുടക്കത്തിൽ, ഏതാനും ദിവസങ്ങൾ കൊണ്ടു തന്നെ അംബാനിയുടെ ആസ്തിയിൽ 119 മില്യൺ ഡോളറിന്റെ താഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച്ച മാത്രം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില 2 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. ഇതോടെ ലോകധനികരുടെ പട്ടികയിൽ മുകേഷ് അംബാനിയുടെ സ്ഥാനം 17 ആയി മാറി.

ഗൗതം അദാനിയുടെ നഷ്ടം
ഏഷ്യയിലെ രണ്ടാമത്തെ ധനികനായ ഗൗതം അദാനിക്കും നിലവിൽ തിരിച്ചടികൾ നേരിട്ടു. ലോക ധനികരിൽ നിലവിൽ 19ാം സ്ഥാനത്താണ് അദ്ദേഹം.

ബ്ലൂംബർഗ് ബില്യണയർ ഇൻഡെക്സ് പ്രകാരം ഗൗതം അദാനിയുടെ ആസ്തി മൂല്യത്തിൽ 3.53 ബില്യൺ ഡോലറുകൾ അഥവാ 30,000 കോടി രൂപയിലധികം നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

ഇതോട അദ്ദേഹത്തിന്റെ ആകെ ആസ്തി മൂല്യം 74.5 ബില്യൺ ഡോളറായി കുറഞ്ഞു. അദാനിയെ സംബന്ധിച്ചും പുതുവർഷത്തിന്റെ തുടക്കം ഗുണകരമല്ല.

2025 വർഷത്തെ ആദ്യ ഏതാനും ദിവസങ്ങൾക്കകം തന്നെ അദാനിയുടെ ആസ്തിയിൽ 4.21 ബില്യൺ ഡോളറുകളുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച പല അദാനി ഗ്രൂപ്പ് ഓഹരികളും കനത്ത നഷ്ടമാണ് നേരിട്ടത്. ഇതാണ് ഗൗതം അദാനിയുടെ ആസ്തി മൂല്യത്തിലും പ്രതിഫലിച്ചത്.

ആഗോളതലത്തിൽ തന്നെ സമീപകാലത്ത് ഏറ്റവുമധികം നഷ്ടം നേരിട്ടത് അംബാനിയും, അദാനിയുമാണെന്ന് ബ്ലൂംബർഗ് ബില്യണയർ ഇൻഡെക്സ് പറയുന്നു.

അതേ സമയം HMPV, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലാത്തതിനാൽ അവിടങ്ങളിലെ ഓഹരി വിപണികളിൽ വലിയ വില്പന സമ്മർദ്ദം പ്രകടമായിട്ടില്ല.