എംജി മോട്ടോഴ്സിന്റെ ‘ബാസ്’ ഐഡിയ വൻ വിജയം; വില്പനയില് ഒന്നാമനായി വിന്‍ഡസര്‍ ഇവി
January 9, 2025 0 By BizNewsഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ പുതിയ വില്പന ആശയവുമായി എത്തിയ വാഹനമാണ് എം.ജി. മോട്ടോഴ്സിന്റെ വിൻഡ്സർ ഇ.വി. വാഹനം വില നല്കി വാങ്ങുകയും ഇതിന്റെ ബാറ്ററി വാടകയ്ക്ക് എടുക്കുകയും ചെയ്യുകയെന്നതായിരുന്നു ആശയം.
ബാറ്ററി ആസ് എ സർവീസ് അല്ലെങ്കില്‍ ബാസ് എന്ന പേരില്‍ ഒരുക്കിയ ഈ പദ്ധതിയിലൂടെ മറ്റ് ഇലക്ട്രിക് മോഡലുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയില്‍ വിൻഡ്സർ സ്വന്തമാക്കാമെന്നതായിരുന്നു പ്രധാന നേട്ടം.
എം.ജിയുടെ ഈ പുത്തൻ ആശയം ഉപയോക്താക്കള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നാണ് വിൻഡ്സർ ഇ.വിയുടെ വില്പന കണക്കുകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വിൻഡസറിന്റെ 10,045 യൂണിറ്റാണ് എം.ജി. മോട്ടോഴ്സ് വിറ്റഴിച്ചത്.
ഒക്ടോബറില്‍ 3116 എണ്ണവും നവംബറില്‍ 3144 എണ്ണവും ഡിസംബറില്‍ 3745 എണ്ണവുമാണ് വിൻഡ്സറിന്റെ വില്പന. എം.ജിയുടെ മൊത്ത വില്പനയുടെ 49 ശതമാനവും വിൻഡ്സർ ഇ.വിയുടെ സംഭാവനയാണെന്നാണ് റിപ്പോർട്ടുകള്‍.
2024 സെപ്റ്റംബർ മാസത്തിലാണ് എം.ജി. വിൻഡ്സർ വിപണിയില്‍ അവതരിപ്പിച്ചത്. എക്സൈറ്റ്, എക്സ്ക്ലുസീവ്, എസൻസ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ സി.എസ്.യു.വിക്ക് ബാറ്ററി സബ്സ്ക്രിപ്ഷൻ പദ്ധതയില്‍ 9.99 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്.
അതേസമയം, ബാറ്ററി ഉള്‍പ്പെടെയുള്ള വാങ്ങലിന് 13.50 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുക. യഥാക്രമം 14.50 ലക്ഷം, 15.50 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റ് വേരിയന്റുകളുടെ എക്സ്ഷോറൂം വില.
38 കിലോവാട്ട് ശേഷിയുള്ള എല്‍.എഫ്.പി. ബാറ്ററിയാണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. 331 കിലോമീറ്റർ റേഞ്ചാണ് വിൻഡ്സർ ഇ.വി. നല്കുന്ന റേഞ്ച്.
ഇക്കോ പ്ലസ്, ഇക്കോ, നോർമല്‍, സ്പോർട്ട് എന്നീ നാല് ഡ്രൈവിങ് മോഡുകളള് നല്‍കിയിട്ടുള്ള ഈ വാഹനത്തില്‍ 136 ബി.എച്ച്.പി. പവറും 200 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഫാസ്റ്റ് ചാർജിങ് സംവിധാനവും വിൻഡ്സർ ഇ.വിയുടെ ഹൈലൈറ്റാണ്.
45 കിലോവാട്ട് ചാർജർ ഉപയോഗിച്ച് 55 മിനിറ്റില്‍ പൂജ്യത്തില്‍ നിന്ന് 80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. അതേസമയം, 7.7 കിലോവാട്ട് എ.സി. ചാർജർ ഉപയോഗിച്ച് 6.5 മണിക്കൂറില്‍ 100 ശതമാനം ബാറ്ററി നിറയും.
എന്നാല്‍, 3.3 കിലോവാട്ട് ചാർജറിന്റെ സഹായത്തില്‍ 100 ശതമാനം ചാർജ് നിറയാൻ 14 മണിക്കൂറോളം സമയമെടുക്കും. 4295 എം.എം. നീളം 1850 എം.എം. വീതി, 1652 എം.എം. ഉയരം 2700 എം.എം. വീല്‍ബേസ് എന്നിങ്ങനെയായിരിക്കും ഈ വാഹനത്തിന്റെ അളവുകള്‍.