ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച് കേരളം
December 23, 2024 0 By BizNewsകൊച്ചി: ഗവേഷണ, വികസന(ആർ ആൻഡ് ഡി) പ്രവർത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച് കേരളം മികച്ച മാതൃക സൃഷ്ടിക്കുന്നു.
വ്യവസായ വളർച്ചയില്‍ പിന്നാക്കമാണെങ്കിലും ഗവേഷണ വികസന പ്രവർത്തനങ്ങളില്‍ രാജസ്ഥാൻ, കേരളം, ഒഡിഷ എന്നീ സംസ്ഥാനങ്ങളുടെ സംയുക്ത വിഹിതം നടപ്പുസാമ്ബത്തിക വർഷം 77 ശതമാനമായി ഉയരുമെന്ന് റിസർവ് ബാങ്കിന്റെ ബഡ്ജറ്റ് പഠനത്തില്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ പത്ത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ബഡ്ജറ്റുകള്‍ വിശകലനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഇതനുസരിച്ച് ഈ മൂന്ന് സംസ്ഥാനങ്ങളും ചേർന്ന് ഗവേഷണ, വികസന പ്രവർത്തനങ്ങള്‍ക്ക് നടപ്പുവർഷം 17,478 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇവരുടെ സംയോജിത ആഭ്യന്തര മൊത്തം ഉത്പാദനത്തിന്റെ കേവലം 0.1 ശതമാനം തുക മാത്രമാണിത്.
ദേശീയ ശരാശരിയേക്കാള്‍ രാജസ്ഥാൻ നാലിരട്ടിയും കേരളം മൂന്നിരട്ടിയും തുകയാണ് ഗവേഷണ, വികസന പ്രവർത്തനങ്ങള്‍ക്ക് മുടക്കുന്നത്. അഞ്ച് വർഷമായി കേരളം, രാജസ്ഥാൻ, ഒഡിഷ എന്നിവയുടെ ഈ മേഖലയിലെ നിക്ഷേപം കുത്തനെ കൂടുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാന ജി.ഡി.പിയുടെ 0.3 ശതമാനം തുകയാണ് കേരളം ഗവേഷണ, വികസന പ്രവർത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത്. കാർഷിക, വ്യവസായ മേഖലകളിലെ ഗവേഷണ, വികസന പ്രവർത്തനത്തിനായാണ് കേരളം കൂടുതല്‍ പണം മുടക്കുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം മുടക്കുന്ന പണത്തില്‍ 46 ശതമാനവും ഗവേഷണ, വികസന പ്രവർത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്നും റിസർവ് ബാങ്ക് റിപ്പോർട്ടില്‍ പറയുന്നു.