കടംവീട്ടാൻ 25,500 കോടി വായ്പയെടുക്കാൻ ഒരുങ്ങി റിലയൻസ്
December 10, 2024മുംബൈ: കടംവീട്ടാനായി 25,500 കോടിയുടെ വായ്പയെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ഇതിനായി ബാങ്കുകളുമായി റിലയൻസ് ചർച്ച തുടരുന്നുവെന്നാണ് റിപ്പോർട്ട്. വിദേശത്ത് നിന്നുള്ള ഒരു ഇന്ത്യൻ കമ്പനിയുടെ ഏറ്റവും വലിയ വായ്പയായിരിക്കും ഇത്. റിലയൻസിന്റെ ആസ്ഥാനമായ മുംബൈയിൽ ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുവെന്നാണ് റിപ്പോർട്ട്.
12ഓളം ബാങ്കുകളുമായി വായ്പ സംബന്ധിച്ച് അന്തിമ ചർച്ചകൾ നടത്തുന്നുവെന്നാണ് റിപ്പോർട്ട്. 2025ന്റെ ആദ്യപാദത്തിൽ തന്നെ വായ്പയെടുക്കുന്നതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വാർത്തകൾ.
വായ്പയുടെ വ്യവസ്ഥകളിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. വായ്പ തിരിച്ചടവിനായി റിലയൻസിന് അടുത്ത വർഷം 2.9 ബില്യൺ ഡോളർ വേണമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ റിലയൻസ് വിദേശത്ത് നിന്ന് വായ്പയെടുത്തിരുന്നു.
700 കോടി രൂപയാണ് കഴിഞ്ഞ വർഷം റിലയൻസ് വായ്പയെടുത്തത്. കഴിഞ്ഞയാഴ്ച റേറ്റിങ് ഏജൻസിയായ മുഡീസ് റിലയൻസിന്റെ റേറ്റിങ് baa2ൽ തന്നെ നിലനിർത്തിയിരുന്നു. അതുകൊണ്ട് കമ്പനിക്ക് വിദേശത്ത് നിന്ന് വൻതുക വായ്പയെടുക്കുന്നതിൽ തടസങ്ങളൊന്നുമുണ്ടാവില്ല.