സ്വർണവില വീണ്ടും കുത്തനെ താഴോട്ട്; ഇന്നത്തെ വിലകൾ അറിയാം
November 26, 2024കൊച്ചി: കേരളത്തിൽ ഇന്നും സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന് 960 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 56,640 രൂപയായി കുറഞ്ഞു. ഗ്രാമിന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 7080 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില കുറഞ്ഞത്
ഈ മാസം 14ാം തീയതിയാണ് സ്വർണവില ഏറ്റവും കുറഞ്ഞത്. ഗ്രാമിന് 6935 രൂപയായാണ് അന്ന് സ്വർണവില കുറഞ്ഞത്. നവംബർ ഒന്നാം തീയതിയാണ് സ്വർണവില ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 7385 രൂപയും പവന്റെ വില 59,080 രൂപയുമായിരുന്നു അന്നത്തെ വില.
ലോക ഗോൾഡ് കൗൺസിന്റെ റിപ്പോർട്ട് പ്രകാരം അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 2,621 ഡോളറായി. കഴിഞ്ഞ ആഴ്ച അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ചാഞ്ചാട്ടങ്ങളുണ്ടായിരുന്നു. നവംബർ 25ാം തീയതി 2,719 ഡോളറായി ഉയർന്ന സ്വർണവില പിന്നീട് ഇടിയുകയായിരുന്നു.
യുക്രെയ്ൻ റഷ്യൻ സംഘർഷമാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാന കാരണമായി മാറിയത്. എന്നാൽ, യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റെടുത്തതോടെ അത് സ്വർണവിലയിൽ സ്വാധീനം ചെലുത്തി. നിക്ഷേപകർ യു.എസ് ബോണ്ടുകളിലേക്ക് തിരിഞ്ഞതോടെ വില കുറയുകയായിരുന്നു.