ഉൽപാദനത്തിൽ ഇടിവ്; മാലിമുളക് വില കുത്തനെ ഉയരുന്നു
November 13, 2024കട്ടപ്പന: ഉൽപാദനം കുറഞ്ഞതോടെ മാലിമുളകിന് വില കുത്തനെ ഉയരുന്നു. കിലോഗ്രാമിന് 200 രൂപയാണ് നിലവിലെ വില. ഹൈറേഞ്ചിലെ കർഷകരുടെ ഇടവിളകളിൽ പ്രധാനിയായ മാലിമുളകിന് വില ഉയരുന്നത് കർഷർക്ക് പ്രതീക്ഷയാണ്. കട്ടപ്പന, നെടുങ്കണ്ടം, തോപ്രാംകുടി, ഈട്ടിത്തോപ്പ്, ചിന്നാർ, കാഞ്ചിയാർ, ഉപ്പുതറ, ഇരട്ടയാർ, ഉടുമ്പൻചോല, അണക്കര, മാട്ടുകട്ട, കോവിൽമല, കാൽത്തൊട്ടി തുടങ്ങിയ മേഖലകളിലാണ് ഹൈറേഞ്ചിൽ മാലിമുളക് പ്രധാനമായും കൃഷി ചെയ്യുന്നത്. കുരുമുളക്, കാപ്പി, മരിച്ചിനി, ഇഞ്ചി, ഏലം, എത്തവാഴ തുടങ്ങി ഒട്ടുമിക്ക കൃഷികൾക്കും ഇടവിളയായി മാലിമുളക് കൃഷി ചെയ്യുന്നുണ്ട്.
കാലാവസ്ഥയിലുണ്ടായ വ്യതിയാനത്തെ തുടർന്നാണ് ഉൽപാദനം ഇടിഞ്ഞത്. മഴയിൽ കൃഷി നശിച്ചതിനെ തുടർന്നും ഉൽപാദന ഇടിവിന് കാരണമായി. ഒരുമാസത്തിനിടെ കിലോഗ്രാമിന് 50 രൂപയുടെ വർധനയാണ് ഉണ്ടായത്. കട്ടപ്പന, കഞ്ചിയാർ മാർക്കറ്റുകളിൽ മാലിമുളകിന് ചൊവ്വാഴ്ച കിലോക്ക് 200 മുതൽ 220 രൂപ വരെയുണ്ടായിരുന്നു. ഇപ്പോഴത്തെ വില വർധന തുടർന്നാൽ ജനുവരി-മാർച്ച് മാസങ്ങളിൽ 300 രൂപയിലേക്ക് ഉയർന്നേക്കാം. കഴിഞ്ഞ വർഷം ഏപ്രിലിൽ കിലോക്ക് വില 350 രൂപ വരെ ഉയർന്നിരുന്നു.
ജൂണിൽ കിലോക്ക് 50 രൂപ മാത്രമായിരുന്നു വില. ഹൈറേഞ്ചിൽ രണ്ടായിരത്തോളം മാലിമുളക് കർഷകരാണുള്ളത്.10 സെന്റ് മുതൽ നാലേക്കർ വരെ കൃഷിയുള്ള കർഷകരുണ്ട്. സാധാരണയായി ജൂൺ മുതൽ മാർച്ച് വരെയാണ് മാലിമുളകിന്റെ കൃഷി സീസൺ. ഈ വർഷം ജൂൺ മുതൽ ആരംഭിച്ച കനത്ത കാലവർഷത്തെ തുടർന്ന് മാലിമുളക് കൃഷിക്ക് കനത്ത നാശം നേരിട്ടിരുന്നു. ഇല മുരടിപ്പ് രോഗവും അഴുകലുംമൂലം നിരവധി കർഷകരുടെ ചെടി നശിച്ചു. ഇതോടെ ഉൽപാദനം കുത്തനെ താഴ്ന്നു. ആഴ്ചയിൽ രണ്ട് ദിവസമാണ് മാലിമുളക് പ്രധാനമായും വിളവെടുക്കുന്നത്. ആ ദിവസങ്ങളിൽ രണ്ട് മുതൽ പത്ത് ടൺ വരെ കയറ്റിയയച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ നാലോ, അഞ്ചോ ക്വിന്റൽ മാത്രമാണ് മാർക്കറ്റിൽ എത്തുന്നത്. ഇതോടെ മാലിമുളകിന്റെ വില കുതിച്ചുയരുകയായിരുന്നു. ഇപ്പോഴത്തെ വില വർധന തുടർന്നാൽ രണ്ടു മാസത്തിനുള്ളിൽ വില കിലോക്ക് 300 കടക്കുമെന്നാണ് കർഷകർ പറയുന്നത്.
മാലദീപിലെ ജനങ്ങളുടെ ദൈനംദിന ആഹാരക്രമത്തിൽ മാലിമുളകിന് നിർണായക സ്വാധീനമുണ്ട്. നല്ല വലുപ്പവും അതിരൂക്ഷമായ കുത്തലും എരിവുമുള്ള മാലിമുളകിനാണ് മാർക്കറ്റിൽ പ്രിയം. തൈരുമുളകിനായും അച്ചാറുകൾ ഉണ്ടാക്കാനും കറികൾക്ക് ചേർക്കാനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
കേരളത്തിൽ മാലിമുളകിന് കിലോക്ക് 200 രൂപ വിലയുള്ളപ്പോൾ മാലദീപിൽ 400 മുതൽ 500 രൂപ വരെ വിലയുണ്ട്. വിലയിലെ ഈ അന്തരത്തിന്റെ പ്രയോജനം മുഴുവൻ കിട്ടുന്നത് ഇടനിലക്കാർക്കും കയറ്റുമതിക്കാർക്കുമാണ്. പ്രധാനമായും തിരുവനന്തപുരം വിമാനത്താവളത്തിലൂടെയാണ് മാലിമുളകിന്റെ കയറ്റുമതി. ആഭ്യന്തര മാർക്കറ്റിലും മാലിമുളകിന് പ്രിയമുണ്ട്.
തൈ നട്ട് മൂന്ന് മാസത്തിനുള്ളിൽ ആദായം ലഭിക്കുമെന്നതാണ് മാലിമുളകിനെ കർഷകരുടെ ഇഷ്ടപ്പെട്ട കൃഷിയാക്കുന്നത്. ഇപ്പോഴുണ്ടായ വില വർധന അധികകാലം നീണ്ടുനിൽക്കാനിടയില്ല. എങ്കിലും വില വർധന കണക്കിലെടുത്ത് കടുതൽ കർഷകർ ഈ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.