വികസ്വര രാജ്യങ്ങളിലെ വിപണികളുടെ പ്രകടനത്തിൽ ഇന്ത്യയെ പിന്തള്ളി ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ചൈന

വികസ്വര രാജ്യങ്ങളിലെ വിപണികളുടെ പ്രകടനത്തിൽ ഇന്ത്യയെ പിന്തള്ളി ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ചൈന

November 12, 2024 0 By BizNews
China overtakes India and regains the top spot in the market performance of developing countries

മുംബൈ: വികസ്വര രാജ്യങ്ങളിലെ (emerging markets) ഓഹരി വിപണികളുടെ പ്രകടനത്തിൽ ചൈനയെ കടത്തിവെട്ടി ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ആദ്യമായി ഒന്നാംസ്ഥാനം ചൂടിയ ഇന്ത്യക്ക് രണ്ടുമാസം പിന്നിട്ടപ്പോഴേക്കും നിരാശ.

ഇന്ത്യയിൽ നിന്ന് വിദേശനിക്ഷേപം വൻതോതിൽ കൊഴിഞ്ഞതോടെ ചൈന ഒന്നാംസ്ഥാനം വീണ്ടെടുത്തു. ഇന്ത്യ രണ്ടാംസ്ഥാനത്തായി.

വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളുടെ പ്രകടനം വിലയിരുത്തുന്ന മോർഗൻ സ്റ്റാൻലി കാപ്പിറ്റൽ‌ ഇന്റർനാഷണൽ (എംഎസ്‍സിഐ) എമർജിങ് മാർക്കറ്റ് (ഇഎം) ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻ‌ഡെക്സിലാണ് (ഇഎം ഐഎംഐ) ഇന്ത്യക്ക് ഒന്നാംസ്ഥാനം നഷ്ടമായത്.

എംഎസ്‍സിഐ ഇഎം ഐഎംഐയിൽ ചൈനയുടെ വെയ്റ്റ് ഓഗസ്റ്റിലെ 21.58 ശതമാനത്തിൽ നിന്ന് 24.72 ശതമാനത്തിലേക്ക് മെച്ചപ്പെട്ടപ്പോൾ ഇന്ത്യയുടെ വെയ്റ്റ് 22.27ൽ നിന്ന് 20.42 ശതമാനത്തിലേക്ക് കുറഞ്ഞു.

ആഭ്യന്തര സമ്പദ്‍വ്യവസ്ഥയുടെ ഉണർവിനായി ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ച ഉത്തേജക പായ്ക്കേജിന് പിന്നാലെ, ചൈനീസ് ഓഹരികൾ മുന്നേറുകയും അതേസമയം, ഇന്ത്യൻ ഓഹരികളിലെ നിക്ഷേപം പിൻവലിച്ച് വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൈനയിലേക്ക് കൂടുമാറുകയും ചെയ്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ഒക്ടോബറിൽ 1.14 ലക്ഷം കോടി രൂപയും ഈ മാസം ആദ്യ ആഴ്ചയിൽ മാത്രം 20,000 കോടി രൂപയും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിന്ന് തിരിച്ചെടുത്തിരുന്നു.

സെപ്റ്റംബറിന് ശേഷം ചൈനീസ് ഓഹരി വിപണിയായ ഷാങ്ഹായ് കോംപസിറ്റ് ഇന്ഡക്സ് 25% നേട്ടമുണ്ടാക്കിയപ്പോൾ ഇന്ത്യയുടെ നിഫ്റ്റി50, ബിഎസ്ഇ സെൻസെക്സ് എന്നിവ 8% ഇടിയുകയാണുണ്ടായത്.

എംഎസ്‍സിഐ ഇഎം ഐഎംഐയിൽ 2020ന് ശേഷം നേരിടുന്ന വൻ ഇടിവിന് വിരാമമിടുക കൂടിയാണ് ചൈന. ചൈനയുടെ വെയിറ്റ് 2020 മുതൽ കുറയുകയും ഇന്ത്യയുടേത് കൂടുകയുമായിരുന്നു.

2020ൽ 40 ശതമാനമായിരുന്നു ചൈനയുടെ വിഹിതം. ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീൽ, തായ്‍ലൻഡ്, തായ്‍വാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ തുടങ്ങി 24 രാജ്യങ്ങളാണ് സൂചികയിലുള്ളത്.