ഉണർവിൽ നാളികേരം,റബർ വിപണികൾ

ഉണർവിൽ നാളികേരം,റബർ വിപണികൾ

November 11, 2024 0 By BizNews

നാളികേര മേഖല വർഷാന്ത്യം വരെ മികവ്‌ നിലനിർത്താനുള്ള സാധ്യതകൾക്ക്‌ ശക്തിയേറുന്നു. പ്രതികൂല കാലാവസ്ഥയിൽ ദക്ഷിണേന്ത്യയിൽ ഉൽപാദനം പ്രതീക്ഷക്കൊത്തുയർന്നില്ലെന്ന കാർഷിക മേഖലയുടെ വിലയിരുത്തൽ കണക്കിലെടുത്താൽ പുതുവർഷം വരെ കൊപ്രയും പച്ചത്തേങ്ങയും നേട്ടത്തിൽ തന്നെ നീങ്ങാം. പാചകയെണ്ണകൾ ദീപാവലി വേളയിൽ കൈവരിച്ച ഉണർവിൽ നീങ്ങുന്നതും വെളിച്ചെണ്ണ വിപണിയുടെ അടിത്തറ ശക്തമാക്കുന്നു. സൂര്യകാന്തി, സോയാ, പാം ഓയിൽ ഇറക്കുമതി തീരുവ വർധിപ്പിച്ചതും വെളിച്ചെണ്ണയുടെ തിരിച്ചുവരവിന്‌ അവസരമൊരുക്കി.

ഓണവേളയിൽ കൊപ്ര സംഭരണത്തിന്‌ ഉത്സാഹം കാണിക്കാതെ സ്‌റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റഴിക്കാൻ തമിഴ്‌നാട്‌ ലോബി നീക്കം നടത്തിയപ്പോഴും കൊപ്ര ക്ഷാമം ഇത്ര രൂക്ഷമാകുമെന്ന് അവർ കണക്കുകൂട്ടിയില്ല. ഉത്സവ ദിനങ്ങൾക്കുശേഷം താഴ്‌ന്ന വിലയ്‌ക്ക്‌ കൊപ്ര ശേഖരിക്കാമെന്ന നിലപാടിലായിരുന്നു കാങ്കയത്തെ വൻകിട മില്ലുകാർ പോലും. ഇതിനിടയിൽ പൊള്ളാച്ചി, പഴനി, കോയമ്പത്തൂർ, തുത്തുക്കുടി, തിരുപ്പൂർ, തഞ്ചാവൂർ, ദിണ്ഡിഗൽ മേഖലകളിൽ നിന്നുള്ള പച്ചത്തേങ്ങ വരവ് കുറഞ്ഞത്‌ വ്യവസായികളെ അസ്വസ്ഥരാക്കി. മില്ലുകാരിൽ നിന്നുള്ള വാങ്ങൽ താൽപര്യം കനത്തതോടെ കൊപ്ര നിലശക്തമാക്കി. കേരളത്തിലും തമിഴ്‌നാട്ടിലും കൊപ്ര ക്വിൻറലിന്‌ 13,200 രൂപയിൽ സ്റ്റഡിയായാണ്‌ നീങ്ങുന്നത്‌. ഇവിടെ ജനുവരിയിൽ നാളികേര സീസണിന്‌ തുടക്കം കുറിക്കും, എന്നാൽ, തമിഴ്‌നാട്ടിൽ പുതിയ ചരക്ക്‌ വരവിന്‌ വീണ്ടും കാത്തിരിക്കേണ്ട അവസ്ഥയായതിനാൽ വിപണി ഉയർന്ന തലത്തിൽ തുടരാം.

● ● ●

സംസ്ഥാനത്ത്‌ ഇത്‌ റബർ ടാപ്പിങ്‌ സീസണായതിനാൽ ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് കൂടുതൽ ഷീറ്റ്‌ മാസമധ്യത്തോടെ വിൽപനക്കിറങ്ങുമെന്ന നിഗമനത്തിലാണ്‌ ടയർ വ്യവസായികൾ. അതുകൊണ്ടുതന്നെ നിരക്ക്‌ ഉയർത്താതെ ചരക്ക്‌ സംഭരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വിപണികളിൽ വരവ്‌ കുറഞ്ഞതിനാൽ അവർ വാരത്തിന്റെ രണ്ടാം പകുതിയിൽ നിരക്ക്‌ ഉയർത്തി. രാത്രി താപനില കുറഞ്ഞതോടെ റബർ മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത ഉയർന്നുതുടങ്ങിയത്‌ ഉൽപാദകരെ റബർ വെട്ടിന്‌ പ്രേരിപ്പിക്കുന്നുണ്ട്‌. ജനുവരി അവസാനം വരെ ഉൽപാദനം ഉയർന്നുനിൽക്കുമെന്ന പ്രതീക്ഷയിലാണ്‌ തോട്ടം മേഖല. ആർ.എസ്‌.എസ്‌ നാലാം ഗ്രേഡിന്‌ 500 രൂപ ഉയർന്ന്‌ 18,300 രൂപയായി. അഞ്ചാം ഗ്രേഡ്‌ 17,900 രൂപയിലും വ്യാപാരം നടന്നു.

● ● ●

ഏഷ്യൻ റബർ അവധി വ്യാപാരത്തിൽ ഫണ്ടുകൾ താഴ്‌ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക്‌ കാണിച്ച ഉത്സാഹം ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ നിരക്ക്‌ 347 യെന്നിൽ നിന്നും 378 യെന്നിലേക്ക്‌ ഉയർത്തി. ഇതിന്റെ ചുവടുപിടിച്ച്‌ ചൈനയിലും സിംഗപ്പൂരിലും റബർ മികവ്‌ കാണിച്ചതോടെ മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ ഷീറ്റ്‌ വില 19,926 രൂപയായി ഉയർന്നു. ഇന്തോനേഷ്യ, മലേഷ്യൻ മാർക്കറ്റുകളും ചൂടുപിടിച്ചു. അമേരിക്കൻ തെരഞ്ഞടുപ്പ്‌ ഫലം കറൻസി മാർക്കറ്റിൽ ഉളവാക്കിയ ചാഞ്ചാട്ടവും റബറിൽ പ്രതിഫലിച്ചു. ജാപ്പനീസ് യെന്നിന്റെ മൂല്യം ആറു മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരമായ 154.60 ലേക്ക്‌ ഇടിഞ്ഞത്‌ ഫണ്ടുകളെ ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബറിൽ നിക്ഷപകരാക്കി.

● ● ●

പുതിയ കൊക്കോ വരവ്‌ ഉയർന്നില്ല. സീസനാണെങ്കിലും ഉൽപാദനം കുറഞ്ഞത്‌ ചരക്ക്‌ വരവിനെ ബാധിച്ചു. നേരത്തെ കനത്ത മഴയിൽ പൂക്കൾ കൊഴിഞ്ഞത്‌ ഉൽപാദനം ചുരുങ്ങാനിടയാക്കി. മധ്യകേരളത്തിലും ഹൈറേഞ്ചിലും വരവ്‌ ചുരുങ്ങിയത്‌ വിലക്കയറ്റത്തിന്‌ അവസരം ഒരുക്കുമെന്ന കണക്കുകൂട്ടലിലാണ്‌ ഉൽപാദകർ. എന്നാൽ, ചോക്ലേറ്റ്‌ വ്യവസായികളിൽ നിന്നുള്ള ആവശ്യം ഉയർന്നിട്ടില്ല. കൊക്കോ കിലോ 170 രൂപയായും കൊക്കോ പരിപ്പ്‌ 550 രൂപയിലുമാണ്‌. ഇതിനിടയിൽ ഡോളർ ശക്തിപ്രാപിച്ചത്‌ ന്യൂയോർക്കിൽ കൊക്കോ വില 8340 ഡോളറിൽ നിന്നും 6900 ലേക്ക്‌ തളർത്തിയെങ്കിലും വാരാന്ത്യം 7100 ഡോളറിലാണ്‌.

● ● ●

ഉത്തരേന്ത്യയിൽ നിന്ന്‌ കുരുമുളകിന്‌ ആവശ്യക്കാരെത്തിയത്‌ ഉൽപന്ന വില ഉയർത്തി. ദീപാവലിക്കുശേഷവും മുളകിന്‌ ഓർഡറുകളെത്തുന്നത്‌ കണക്കിലെടുത്താൽ അടുത്ത സീസണിൽ വിളവ്‌ ചുരുങ്ങുമോയെന്ന ആശങ്കയും വാങ്ങലുകാരിലുണ്ട്‌. അൺ ഗാർബിൾഡ്‌ 64,000 രൂപയിലും ഗാർബിൾഡ്‌ 66,000 രൂപയിലുമാണ്‌. അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക്‌ വില ടണ്ണിന്‌ 8100 ഡോളർ.

● ● ●

ആഭരണ വിപണികളിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം. പവൻ 58,960 രൂപയിൽ നിന്നും 57,600 ലേക്ക്‌ ഇടിഞ്ഞെങ്കിലും ശനിയാഴ്‌ച പവൻ 58,200 രൂപയിലാണ്‌. ന്യൂയോർക്കിൽ ട്രോയ്‌ ഔൺസിന്‌ 2750 ഡോളറിൽ നിന്നും 2647 വരെ താഴ്‌ന്ന ശേഷം ക്ലോസിങ്ങിൽ 2684 ഡോളറിലാണ്‌.