സ്വർണം വീണ്ടും തിരിച്ചു കയറുന്നു, പവന് 680 രൂപ കൂടി

സ്വർണം വീണ്ടും തിരിച്ചു കയറുന്നു, പവന് 680 രൂപ കൂടി

November 8, 2024 0 By BizNews

കൊച്ചി: ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്ന് തിരിച്ചു കയറുന്നു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് ഇന്ന് കൂടിയത്. ഇ​തോടെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 7,285 രൂപയായി. 58280 രൂപയാണ് ഒരു പവൻ വില. ഒക്ടോബർ 31നായിരുന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. അന്ന് 59,640 രൂപയായിരുന്നു ഒരുപവന്.

ഇന്നലെ ഗ്രാമിന് 165 രൂപയും പവന് 1320 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 7,200 രൂപയും, പവന് 57,600 രൂപയുമായിരുന്നു വില. 2658 ഡോളറായിരുന്നു അന്താരാഷ്ട്ര സ്വർണവില. അമേരിക്കയിൽ ഡൊണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെയാണ് ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്.

2016ൽ ട്രംപ് അധികാരം ഏൽക്കുമ്പോൾ 1250 ഡോളർ ആയിരുന്നു അന്താരാഷ്ട്ര സ്വർണ്ണവില. 2019 വരെ 1200-1350 ഡോളറിൽ തന്നെയായിരുന്നു വില നിലവാരം. 2019 ൽ അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്തതോടെ സ്വർണ്ണവില ഉയരാൻ തുടങ്ങി. 2019 ജൂണിൽ 2.5%ഉണ്ടായിരുന്ന പലിശ നിരക്ക് 2020 മാർച്ച് വരെ ഘട്ടം ഘട്ടമായി 0% ത്തിലെത്തിച്ചു. 2020 ഓഗസ്റ്റിൽ സ്വർണ്ണത്തിൻറെ അന്താരാഷ്ട്ര വിലയും ആഭ്യന്തര വിലയും ഉയരത്തിൽ എത്തിയിരുന്നു. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ 1400 ഡോളറിനു മേൽ വർധനവാണ് സ്വർണത്തിൽ അനുഭവപ്പെട്ടത്.