ദ്രുതവേഗത്തില്‍ ഹോം ഡെലിവറി നടത്താനൊരുങ്ങി റിലയന്‍സ് റീട്ടെയ്ല്‍

ദ്രുതവേഗത്തില്‍ ഹോം ഡെലിവറി നടത്താനൊരുങ്ങി റിലയന്‍സ് റീട്ടെയ്ല്‍

November 5, 2024 0 By BizNews
reliance-retail-enters-quick-commerce

മുംബൈ: മുകേഷ് അംബാനി തന്റെ റീട്ടെയിൽ ബിസിനസിന്റെ വേഗം കൂട്ടാനൊരുങ്ങുന്നു. നേരത്തെ ഓര്‍ഡര്‍ ചെയ്താല്‍ ഒന്നോ രണ്ടോ ദിവസമെടുത്ത് സാധനങ്ങള്‍ എത്തിക്കുന്നതില്‍ നിന്നും മാറ്റി, ഉടനെ സാധാനങ്ങള്‍ എത്തിക്കുന്ന ക്വിക്ക് കൊമേഴ്സിലേക്ക് ഇറങ്ങുകയാണ് അംബാനി.

സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ്ബാസ്ക്കറ്റ് തുടങ്ങിയവരാണ് നിലവില്‍ ദ്രുതമായി വാണിജ്യം നടത്തുന്ന ഓണ്‍ലൈന്‍ സ്റ്റോറുകള്‍. ഈ കമ്പനികള്‍ക്കെല്ലാം വെല്ലുവിളിയുയര്‍ത്തി റിലയന്‍സ് റീട്ടെയിലും അതേ ബിസിനസ് രീതി പിന്തുടര്‍ന്നെത്തുകയാണ്.

നവി മുംബൈയിലെയും ബെംഗളൂരുവിലെയും തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ കമ്പനി അതിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ജിയോമാര്‍ട്ട് വഴി ദ്രുത വാണിജ്യ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചുകഴിഞ്ഞു.

തുടക്കത്തില്‍, രാജ്യവ്യാപകമായി റിലയന്‍സിന്റെ 3,000 റീട്ടെയില്‍ സ്റ്റോററുകളില്‍ നിന്നുള്ള പലചരക്ക് സാധനങ്ങള്‍ അതിവേഗം വീട്ടില്‍ എത്തിക്കുന്ന സംവിധാനം കൊണ്ടുവരും.

ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, സ്പീക്കറുകള്‍ തുടങ്ങിയ ചെറിയ ഇലക്ട്രോണിക്സുകളിലേക്കും ജിയോ മാര്‍ട്ട് സേവനം വിപുലീകരിക്കാന്‍ കമ്പനിക്ക് പദ്ധതികളുണ്ട്.

മിക്ക ഓര്‍ഡറുകളും 10-15 മിനിറ്റിനുള്ളില്‍ വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്, ബാക്കിയുള്ളവ 30 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കും.